സ്വന്തം ലേഖകൻ: സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു.
പ്രവാസി വരുമാനത്തിൽ ഇടിവ്
കഴിഞ്ഞ നാലു വർഷമായി സൗദിയിൽ നിന്ന് പ്രവാസികളുടെ പണമയക്കലിൽ 20% ന്റെ കുറവുണ്ടായതായി പഠനം. കോവിഡ് പശ്ചാത്തലത്തിൽ ഇത് ക്രമാതീതമായി തുടരുമെന്നും റിപ്പോർട്ട് പറയുന്നു. 2015 ൽ 156.86 ദശലക്ഷം റിയാലായിരുന്നു പ്രവാസികൾ അവരുടെ സ്വദേശത്തേക്ക് ഔദ്യോഗിക മാർഗങ്ങളിലൂടെ അയച്ച പണം. നാലു വർഷം കൊണ്ട് ഇത് ക്രമാനുഗതമായി കുറഞ്ഞു. 2019 ൽ 125.53 ദശലക്ഷം റിയാലായി ചുരുങ്ങി. 31.33 ബില്യൻ റിയാലിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇത് മൊത്തം പണമയച്ചതിന്റെ 20% ത്തോളം വരും.
2010 മുതൽ തുടർച്ചയായ ആറു വർഷങ്ങളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ പണമയയ്ക്കൽ 43.64 ബില്യനിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ കുത്തനെ ഇടിവ് സംഭവിച്ചു. മാർച്ചിൽ 12.22 ആയിരുന്നെങ്കിൽ ഏപ്രിലിൽ ഇത് 9.79 ബില്യനായിരുന്നു. ഈ ഇടിവ് കുറച്ച് മാസങ്ങൾ കൂടി തുടരും. ഇത് തുടർച്ചയായ അഞ്ചാം വർഷവും പണമയയ്ക്കൽ കുറയുന്നതിന് കാരണമാകുമെന്നും പഠനം പറയുന്നു.
ജോലി നഷ്ടപ്പെട്ട വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് പണമയയ്ക്കലിന്റെ തോത് കുറയാൻ ഇടയാക്കിയത്. 2018 മുതൽ പ്രാബല്യത്തിലുള്ള പ്രവാസി ലെവി താങ്ങാനാകാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് രാജ്യം വിട്ടത്. പ്രതിമാസ ലെവി 2018 ൽ 400റിയാൽ ആയിരുന്നു. 2019ൽ 600 ഉം. ഇത് 2020 ൽ 800 ൽ എത്തി നിൽക്കുകയാണ്. ഭാരിച്ച ഈ ചെലവ് പല തൊഴിലുടമകളെയും അവരുടെ വിദേശ തൊഴിലാളികളെ ഒഴിവാക്കാൻ പ്രേരിപ്പിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല