1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്- 21, യു.എ.ഇ.- 16, സൌദി അറേബ്യ- 7, ഒമാന്‍- 4, നൈജീരിയ- 3, റഷ്യ- 2) 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ഡല്‍ഹി- 4, രാജസ്ഥാന്‍- 1, പശ്ചിമ ബംഗാള്‍- 1, ഉത്തര്‍ പ്രദേശ്- 1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 4 പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തൃശൂര്‍ ജിലയില്‍ നിന്നുള്ള 3 പേരുടെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1045 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 67,364 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,36,735 പേരും റെയില്‍വേ വഴി 26,819 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,32,539 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,418 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,33,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5170 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,09,729 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3223 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 29,790 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 27,899 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,44,842 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശേരി, പിണറായി, ശ്രീകണ്ഠാപുരം, തലശേരി മുന്‍സിപ്പാലിറ്റി, കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 117 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. കേരളത്തിൽ ആരാധനാലയങ്ങൾ തുറന്നതിനാലും പരീക്ഷകൾ നടക്കുന്നതിനാലുമാണ് വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകൾ നടത്താമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്താം. പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷൻ കാർഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

അതിനിടെ രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം മൂന്ന് ലക്ഷം കടന്നതിന് പിന്നാലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 310,760 ആയി. ഒരു ദിവസത്തില്‍ 386 മരണം കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 8,895 ആയി ഉയര്‍ന്നു.

134 ദിവസങ്ങള്‍ കൊണ്ടാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുന്നത്. ജനുവരി 30ന് വുഹാനില്‍ നിന്നും തൃശൂരിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയിലായിരുന്നു രാജ്യത്താദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമായത് വെറും പത്ത് ദിവസങ്ങള്‍ കൊണ്ടാണ്.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് സ്ഥിതി ഏറ്റവും സങ്കീര്‍ണം. 3,493 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 36000 കവിഞ്ഞു. 1214 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്.

ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്പോർട്സ് കോംപ്ലക്സുകൾ അടക്കം കൊവിഡ് കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള സമയം ഇനി ലഭിക്കില്ലെന്നാണ് സൂചന. രോഗ വ്യാപനത്തിനൊപ്പം മരണ നിരക്കിലും വർധവ് ഉണ്ടായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡൽഹി എയിംസ് ആശുപത്രി കേന്ദ്രീകരിച്ചാവും സമിതി പ്രവർത്തിക്കുക. മരണ നിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാക്കാൻ ഓരോ സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയോഗിക്കണം. ഇക്കാര്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു. ഗുജറാത്ത്, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗ ബാധ രൂക്ഷമായി തുടരുകയാണ്.

ആകെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമതാണ്. അമേരിക്ക(21.17 ലക്ഷം), ബ്രസീല്‍(8.29 ലക്ഷം), റഷ്യ(5.20 ലക്ഷം) എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ളത്. കൊവിഡ് മരണ സംഖ്യയില്‍ ഇന്ത്യ(8,884) ഒമ്പതാം സ്ഥാനത്താണ്. അമേരിക്കയും(1.16 ലക്ഷം) ബ്രസീലും(41000) തന്നെയാണ് കൊവിഡ് മരണത്തിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.