1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2020

സ്വന്തം ലേഖകൻ: സ്വദേശികളും പ്രവാസികളും യുഎഇയില്‍ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നതിന് അധികൃതര്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ജൂണ്‍ 23 മുതലുള്ള യാത്രകള്‍ക്കാണ് ഇവ ബാധകമാവുന്നത്. വിവിധ രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരിക്കും യാത്രാ അനുമതി നല്‍കുന്നതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വക്താവ് ഡോ. സൈഫ് ദാഹെരി അറിയിച്ചു.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യങ്ങളെ ഹൈ, മീഡിയം, ലോ റിസ്ക് വിഭാഗങ്ങളായി തിരിക്കും. കൊവിഡ് വ്യാപനം കുറവുള്ള ‘ലോ റിസ്ക്’ രാജ്യങ്ങളിലേക്ക് എല്ലാ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും യാത്രാ അനുമതി ലഭിക്കും. മീഡിയം റിസ്ക് രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കായോ ചികിത്സ പോലുള്ള അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ക്കോ മാത്രമായിരിക്കും അനുമതി. അതീവ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്ന ഹൈ റിസ്ക് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടാകും. മൂന്ന് വിഭാഗങ്ങളായി തിരിച്ച രാജ്യങ്ങളുടെ പട്ടിക അധികൃതര്‍ വൈകാതെ പുറത്തിറക്കും.

യാത്ര ചെയ്യാനുദ്ദേശിക്കുന്ന എല്ലാവരും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ‘തവാജുദി’ പോര്‍ട്ടല്‍ വഴി അനുമതി തേടണം. അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ മാത്രമേ സന്ദര്‍ശിക്കുകയുള്ളൂവെന്നും മടങ്ങിവരുമ്പോള്‍ ക്വാറന്റൈനില്‍ കഴിയാമെന്നും രേഖാമൂലം അംഗീകരിക്കുകയും വേണം. യാത്ര ചെയ്യുന്ന എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും യാത്ര ചെയ്യുന്ന തീയ്യതിക്ക് 48 മണിക്കൂറിനുള്ളിലുള്ള കൊവിഡ് പരിശോധനാഫലം ഹാജരാക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിശോധനാഫലം ‘അല്‍ ഹുസ്ന്‍’ ആപ് വഴി വിമാനത്താവളത്തില്‍ ലഭ്യമാവും. കൊവിഡ് നെഗറ്റീവായവര്‍ക്ക് മാത്രമേ യാത്രാ അനുമതിയുണ്ടാകൂ.

യാത്ര ചെയ്യുന്ന രാജ്യത്ത് പരിഗണിക്കപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. മാസ്കും കൈയുറകളും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മറ്റൊരു രാജ്യത്ത് വെച്ച് കൊവിഡ് രോഗം പിടിപെട്ടാല്‍ തവാജുദി പോര്‍ട്ടല്‍ വഴിയോ നേരിട്ടോ അതത് രാജ്യത്തെ യുഎഇ എംബസിയെ അറിയിക്കണം. എംബസി ഈ വിവരം യുഎഇ ആരോഗ്യ മന്ത്രാലയത്തിന് കൈമാറും. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് യാത്രാ അനുമതി ലഭിക്കില്ല. ഗുരുതര രോഗമുള്ളവര്‍ യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വിലക്കില്ല. 37.8 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ശരീര താപനിലയുള്ളവരെയും കൊവിഡ് രോഗലക്ഷണങ്ങളുള്ളവരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

തിരിച്ചെത്തുന്നവര്‍ അല്‍ ഹുസ്ന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ക്വാറന്റീനില്‍ കഴിയുകയും വേണം. കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ കാലാവധി ഏഴ് ദിവസമാക്കി കുറയ്ക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ 48 മണിക്കൂറിനകം പരിശോധനയ്ക്ക് വിധേയമാകണം. വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ ഹോട്ടലുകളിലോ മറ്റോ സ്വന്തം ചെലവില്‍ ക്വറന്റീനില്‍ കഴിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.