സ്വന്തം ലേഖകൻ: സൌദിയില്‍ ധനകാര്യ മന്ത്രാലയം 120 ബില്യണ്‍ റിയാലിന്റെ പാക്കേജ് പ്രഖ്യാപിച്ചു. വിദേശികളുടെ ലെവിയുടെ ഫീസ് നിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ അടക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്.
ഇതിനകം ഇഖാമ കാലാവധി പൂര്‍ത്തിയായവര്‍ക്കും, ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ ഇഖാമ കാലാവധി തീരുന്നവര്‍ക്കും ലെവിയില്ലാതെ ഇഖാമയുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കും.
സൗദിയിലേക്കുള്ള സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കുകയോ സ്റ്റാമ്പ് ചെയ്യാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കുകയോ ചെയ്യും. ഇതിന് പ്രത്യേക ഫീസൊന്നും ഈടാക്കില്ല. പാസ്പോര്‍ട്ടില്‍ വര്‍ക്ക് വിസ സ്റ്റാന്പ് ചെയ്തവര്‍ക്കും ആനുകൂല്യം ലഭിക്കും.
വിമാന വിലക്ക് കാരണം റീ എന്‍ട്രി അടിച്ചിട്ടും നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ഇതിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി നല്‍കും. തൊഴിലുടമകള്‍ വഴി ഈ നടപടി പൂര്‍ത്തിയാക്കാം. നിലവില്‍ റീ എന്‍ട്രിയില്‍ നാട്ടിലുള്ളവര്‍ക്കും തൊഴിലുടമയുടെ സഹായത്തോടെ റീ എന്‍ട്രി നീട്ടി ലഭിക്കും.
സക്കാത്ത്, മൂല്യവര്‍ധിത നികുതി, എക്സൈസ് ഡ്യൂട്ടി, വരുമാന നികുതി എന്നിവ അടക്കാന്‍ മൂന്നു മാസത്തെ സാവകാശം നല്‍കി. രാജ്യത്തേക്ക് ഇന്നു മുതല്‍ 30 ദിവസത്തേക്ക് ഇറക്കുമതിക്കുള്ള തീരുവ തല്‍ക്കാലത്തേക്ക് ഈടാക്കില്ല.
ബാങ്കുകളുടെയും ബലദിയയുടെയും ചാര്‍ജുകള്‍ അടക്കാന്‍ മൂന്നു മാസ സാവകാശം നല്‍കി. ഇതിന് നിബന്ധനകള്‍ പാലിക്കണം. സര്‍ക്കാറിലേക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കാനുള്ള വിവിധ ഫീസുകള്‍ അടക്കാന്‍ മൂന്ന് മാസത്തെ സാവകാശം നല്‍കി.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ബില്യന്‍ റിയാലിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചു. ലോണുകള്‍ ഈ വര്‍ഷാവസാനം വരെ ഉദാരമാക്കാനും തീരുമാനിച്ചു.
ള്ളികളിലെ നമസ്‌കാരവും ജുമുഅയും നിര്‍ത്തിവയ്ക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയ സൗദി ഭരണകൂടം വിശുദ്ധ ഹറം പള്ളികളിലെ പ്രാര്‍ഥനയ്ക്കും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. മക്കയിലെയും മദീനയിലെയും പള്ളികളിലെ പുറംമുറ്റത്ത് നമസ്‌കാരവും ജുമുഅയും നിര്‍ത്തിവയ്ക്കാനാണ് പുതിയ തീരുമാനം.
നേരത്തെ രാജ്യത്തെ മറ്റു പള്ളികളില്‍ നിയന്ത്രണം പ്രഖ്യാപിച്ചപ്പോള്‍ മക്ക, മദീന പള്ളികള്‍ക്ക് ഇളവ് നല്‍കിയിരുന്നു. കൂടാതെ ശനിയാഴ്ച മുതല്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കാനും സൗദി തീരുമാനിച്ചു. വിമാനം, ടാക്സി സേവനങ്ങളാണ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുന്നത്.
കൊറോണ വൈറസ് രോഗ ഭീതി വ്യാപിച്ച പശ്ചാത്തലത്തിലാണ് കടുത്ത തീരുമാനം സൗദി ഭരണകൂടം സ്വീകരിച്ചത്. മക്കയിലെയും മദീനയിലെയും പള്ളികളിലെ പുറംമുറ്റത്തെ പ്രാര്‍ഥനകളും നിര്‍ത്തിവയ്ക്കാനാണ് പുതിയ തീരുമാനമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മറ്റു പള്ളികളിലെ പ്രാര്‍ഥനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
മക്കയിലെ ഹറം പള്ളിയിലെ അകം ഭാഗത്ത് നമസ്‌കരിക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ മക്ക, മദീന പള്ളികളിലെ പുറംഭാഗത്തുള്ള നമസ്‌കാരം നിര്‍ത്തിവച്ചിരിക്കുകയാണ്. വെളളിയാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയെന്ന് ഇരുപള്ളികളുടെയും ജനറല്‍ പ്രസിഡന്‍സി വക്താവ് ഹനി ബിന്‍ ഹുസ്‌നി ഹൈദറിനെ ഉദ്ധരിച്ച് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല