സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി മാസ്ക് ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കാനെത്തിയതായിരുന്നു ട്രംപ്.
‘നിങ്ങൾ ഒരു ആശുപത്രിയിലാണെങ്കിൽ മാസ്ക് ധരിക്കുന്നത് ഉത്തമമാണെന്ന് ഞാൻ കരുതുന്നു’, വൈറ്റ് ഹൗസിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹെലികോപ്ടറിൽ സൈനിക ആശുപത്രിയിലെത്തിയ ട്രംപ് ആശുപത്രിക്കുള്ളിൽ മാസ്ക്കണിഞ്ഞിരുന്നെങ്കിലും ഹെലികോപ്ടറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിച്ചിരുന്നില്ല.
യുഎസിൽ 3.2 ദശലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ്-19 ബാധിച്ചത്. ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തോളം പേർ മരിക്കുകയും ചെയ്തു. സ്ഥിതി രൂക്ഷമായി തുടരുമ്പോഴും ഔദ്യോഗിക യോഗങ്ങളിലും പൊതുപരിപാടികളിലും മാസ്ക് ധരിച്ചെത്താൻ ട്രംപ് തയ്യാറായിരുന്നില്ല. പ്രസിഡന്റ് മാസ്ക് ധരിച്ചെത്തുന്നത് രാജ്യം നേരിടുന്ന ആരോഗ്യ പ്രതിസന്ധിയെക്കാൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കുമെന്ന് ട്രംപ് ഭയപ്പെടുന്നതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുകയും ചെയ്തു.
മിഷിഗണിലെ ഫോർഡ് ഫാക്ടറിയിലേക്ക് നടത്തിയ സ്വകാര്യസന്ദർശനത്തിൽ മാത്രമാണ് ട്രംപ് ഇതിനു മുമ്പ് മാസ്കണിഞ്ഞത്. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പ്രസ്താവനകൾ പലപ്പോഴും പരിഹാസത്തിനും വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. പൊതു സ്ഥലത്ത് മാസ്ക് ധരിച്ചെത്തിയ ട്രംപ് തുടർന്നും മാസ്ക് ധരിക്കുമോ എന്ന കാര്യമാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല