1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2017

സ്വന്തം ലേഖകന്‍: സൗന്ദര്യ വര്‍ധക ക്രീമുകള്‍ തേച്ചു കിടന്നാല്‍ വെന്തു മരിക്കാം! വെളുക്കാന്‍ തേച്ചത് പാണ്ടാകരുതെന്ന മുന്നറിയിപ്പുമായി ലണ്ടന്‍ അഗ്‌നിശമന വിഭാഗം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പേര്‍ ഇത്തരത്തില്‍ മരിച്ചുവെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കണക്ക്. പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച ശേഷം കിടക്കയില്‍ കിടക്കുമ്പോള്‍ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പെട്ടെന്നു തീപടരാന്‍ ഇടയാകുന്നതാണ് അപകട മരണങ്ങളുടെ കാരണം.

ഉയര്‍ന്ന താപനിലയില്‍ കഴുകിയാലും ഇത്തരം ഘടകങ്ങള്‍ തുണികളില്‍നിന്നു പോകില്ല. ഒടുവില്‍ ഒരു സിഗരറ്റ് വീണാല്‍ പോലും പെട്ടെന്നു തീയാളിപ്പിടിക്കാന്‍ ഇതു കാരണമാകുമെന്ന് അഗ്‌നി ശമന വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഏല്‍സ്ഫീല്‍ഡില്‍ ഹില്‍ഡ ബാറ്റണ്‍ എന്ന സ്ത്രീ അബദ്ധത്തില്‍ തീപിടിച്ചു മരിച്ചതിനു കാരണം ഇതായിരുന്നു. സ്ഥിരമായി പുകവലിച്ചിരുന്ന അവര്‍ വര്‍ഷങ്ങളായി സ്‌കിന്‍ ക്രീം ഉപയോഗിച്ചിരുന്നു. സിഗരറ്റിന്റെ കുറ്റിയില്‍നിന്നു വസ്ത്രങ്ങളിലേക്കു പെട്ടെന്നു തീപടരാന്‍ ഇതു കാരണമായി.

സ്‌കിന്‍ ക്രീം നിരന്തരം ഉപയോഗിക്കുന്ന പലര്‍ക്കും ഇത്തരത്തിലുള്ള അപകടത്തെക്കുറിച്ച് അറിവില്ല. സ്ഥിരമായി ക്രീമുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം. അബദ്ധത്തില്‍ സിഗരത്തിന്റെ ചാരം തട്ടുന്നതോ തീപ്പെട്ടിക്കൊള്ളി എറിയുന്നതോ സ്വയം തീ കൊളുത്തുന്നതിനു സമമായിരിക്കുമെന്ന് ഫയര്‍ സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ഡാന്‍ ഡാലി പറഞ്ഞു. പാരാഫിന്‍ അടങ്ങിയിട്ടുള്ള ക്രീമുകള്‍ ഇറക്കുന്ന കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.