സ്വന്തം ലേഖകൻ: ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കെസ്‌മെറ്റിക്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയം, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘം ബൗഷര്‍, സീബ് വിലായത്തുകളില്‍ നടത്തിയ വ്യാപക പരിശോധനകളിലാണിത്.
നിയമവിരുദ്ധമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയ മൂന്ന് അപ്പാര്‍ട്ടുമെന്റുകളും ഒരു ബ്യൂട്ടി സലൂണും അധികൃതര്‍ അടച്ചുപൂട്ടി. ഇവിടങ്ങളില്‍ നിന്നുള്‍പ്പെടെ 4,600-ലധികം അനധികൃത മെഡിക്കല്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളാണ് റെയിഡുകളില്‍ പിടിച്ചെടുത്തത്. ഇത്തരം സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങള്‍ നിരീക്ഷിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
ആരോഗ്യ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, റോയല്‍ ഒമാന്‍ പോലീസ് എന്നിവയുടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലുള്ള റെയിഡുകള്‍ കോസ്‌മെറ്റിക് രംഗത്തെ അനധികൃത സ്ഥാപങ്ങള്‍ കണ്ടെത്തുന്നതിലും ഈ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്തി ജനങ്ങളെ വലിയ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിലും വലിയ പങ്കാണ് വഹിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ ഡോ. സൈദ് ബിന്‍ മുഹമ്മദ് അല്‍ മുഗൈരി വിലയിരുത്തി.
സൗന്ദര്യവര്‍ദ്ധക സേവനങ്ങളില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആരോഗ്യ അധികാരികളുടെ അംഗീകാരം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈസന്‍സില്ലാത്ത കേന്ദ്രങ്ങളില്‍ കാലഹരണപ്പെട്ടവയോ മായം കലര്‍ന്നതോ ആയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇവിടങ്ങളില്‍ സേവനം തേടി എത്തുന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്നതും നിയമവിരുദ്ധ വസ്തുക്കള്‍ ഇതിനായി ഉപയോഗിക്കുന്നതും ഗൗരവമായാണ് അധികൃതര്‍ കാണുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലൈസന്‍സില്ലാത്ത സൗന്ദര്യവര്‍ധക ശസ്ത്രിക്രിയകള്‍ നടത്തുന്ന നാലു സ്ത്രീ തൊഴിലാളികളെയാണ് സംയുക്ത പരിശോധനാ സംഘം അറസ്റ്റ് ചെയ്തതെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയിലെ മാര്‍ക്കറ്റ് റെഗുലേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് വിഭാഗം ഡയറക്ടര്‍ ഖാലിദ് ബിന്‍ സാലിം അല്‍ സിയാബി പറഞ്ഞു. തൊലിയിലെ ചുളിവുകളും പാടുകളും മാറ്റുന്നതിനുള്ള ബോട്ടോക്‌സും ഫില്ലര്‍ കുത്തിവയ്പ്പുകളും ഇവര്‍ നല്‍കി വന്നിരുന്നതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതാും അദ്ദേഹം അറിയിച്ചു. ഗുരുതരമായ മെഡിക്കല്‍ സങ്കീര്‍ണതകളും ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് സൗന്ദര്യവര്‍ദ്ധക സേവനം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല