
സ്വന്തം ലേഖകൻ: ഉയര്‍ന്ന ജീവിത ചെലവുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇംഗ്ലണ്ട് വിട്ട് സ്കോട്ട്ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും ചേക്കേറുന്ന ഇംഗ്ലീഷുകാരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും യു കെയിലെ മറ്റ് അംഗരാജ്യങ്ങളിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്.
2020 പകുതി വരെയുള്ള ഒരു വര്‍ഷക്കാലത്ത് ലോക്ക്ഡൗണ്‍ കാരണം 33,701 പേര് ഇംഗ്ലണ്ട് വിട്ട് സ്കോട്ട്ലാന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് പോയതിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലണ്ട് വിട്ട് പോകുന്നത് ഇപ്പോഴാണ്. 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ 31,393 പേര് ഇംഗ്ലണ്ട് വിട്ടു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ വെയ്ല്സിലേക്കുള്ള കുടിയേറ്റം 65 ശതമാനം വര്‍ദ്ധിച്ചപ്പോള്‍, സ്കോട്ട്ലാന്‍ഡിലെക്കുള്ളത് 11 ശതമാനമാണ് വര്‍ദ്ധിച്ചത്.
വീടുകളുടെ വിലയും വാടകയും വര്‍ദ്ധിച്ചതും, വര്‍ദ്ധിച്ച ജീവിത ചെലവുകളുമാണ് പലരെയും ഇംഗ്ലണ്ട് വിടാന്‍ പ്രേരിപ്പിക്കുന്നത്. സ്വകാര്യ സ്കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ നീക്കം ചില സമ്പന്ന കുടുംബങ്ങളെയും ഇംഗ്ലണ്ട് വിടാന്‍ പ്രേരിപ്പിക്കുന്നതായി സ്കോട്ട്ലാന്‍ഡിലെ റിയല്‍ എസ്റ്റേറ്റ് ഏഝന്റുമാര് പറയുന്നു. മാത്രമല്ല, മൂന്ന് വര്‍ഷം സ്കോട്ട്ലാന്‍ഡില്‍ താമസിച്ചതിന് ശേഷം കുട്ടികള്‍ സ്കോട്ടിഷ് യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിച്ചാല്‍ ട്യൂഷന് ഫീസും നല്‍കേണ്ടതില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല