1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2024

സ്വന്തം ലേഖകൻ: ആഗോള ബിസിനസ് ഹബ്ബെന്ന പേരുകേട്ട ദുബായില്‍ ഇനി താമസത്തിന് ചെലവ് കൂടും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ദുബായിലെ കെട്ടിട വാടകയില്‍ ശരാശരി 10 ശതമാനത്തിന്റെ വര്‍ധനവുണ്ടാവുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായിലെ കെട്ടിട വാടക 10 ശതമാനത്തോളം വര്‍ധിച്ചിരുന്നു.

2024-ന്റെയും 2025-ന്റെയും രണ്ടാം പകുതിയില്‍ കൂടുതല്‍ സ്ഥിരതയുള്ളതും ക്രമാനുഗതവുമായ വാടക വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് ആള്‍സോപ് ആന്റ് ആള്‍സോപ് ചെയര്‍മാന്‍ ലൂയിസ് ആള്‍സോപ് അഭിപ്രായപ്പെട്ടു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ വിപണിയിലേക്ക് വരും. രണ്ടാം പാദത്തില്‍ മാത്രം 10,000-ത്തിലധികം സപ്ലൈ ആണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആവശ്യക്കാരുടെ നിരക്ക് വച്ച് നോക്കുമ്പോള്‍ സപ്ലൈയിലെ ഈ വര്‍ധന കുറവാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

2024-ലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ 30,000-ത്തിലധികം പുതിയ താമസക്കാര്‍ നഗരത്തിലേക്ക് താമസം മാറ്റി. ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം 6,700-ലധികം കോടീശ്വരന്മാര്‍ നഗരത്തിലേക്ക് ഈ വര്‍ഷം താമസം മാറും. ഇത് റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ ആക്കം കൂട്ടും. കെട്ടിട ഉടമകള്‍ ഒന്നിലധികം ചെക്കുകള്‍ പോലുള്ള ഫ്‌ളെക്‌സിബിള്‍ പേയ്മെന്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ താസമക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024ലെ ഒന്നാം പാദത്തില്‍ 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് നഗരത്തിലുടനീളമുള്ള ശരാശരി വാടക 15.7 ശതമാനം വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. അപ്പാര്‍ട്ടുമെന്റുകളിലും ടൗണ്‍ഹൗസുകളിലും ശരാശരി 15 ശതമാനത്തില്‍ താഴെ മാത്രം വര്‍ദ്ധനവുണ്ടായപ്പോള്‍ വില്ലകളില്‍ ശരാശരി 18 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. പ്രോപ്പര്‍ട്ടി ബ്രോക്കറേജ് സ്ഥാപനമായ ബെറ്റര്‍ഹോംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വാടക കരാറുകളുടെ ശരാശരി വില 2023 ന്റെ ആദ്യ പകുതിയില്‍ 8 ശതമാനവും കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മറ്റൊരു 8 ശതമാനവും വര്‍ദ്ധിച്ചു.

ആള്‍സോപ് റിപ്പോര്‍ട്ട് പ്രകാരം 2024 ന്റെ ആദ്യ പകുതിയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് രേഖപ്പെടുത്തിയ മേഖലകള്‍ ജുമൈറ ബീച്ച് റെസിഡന്‍സ്, ടൗണ്‍ സ്‌ക്വയര്‍, ദുബായ് പ്രൊഡക്ഷന്‍ സിറ്റി, ദുബായ് ഹെല്‍ത്ത്കെയര്‍ സിറ്റി 2, മെയ്ദാന്‍ എന്നിവയാണ്. ഇവിടങ്ങളിലെല്ലാം കെട്ടിട വാടക 21 മുതല്‍ 22 ശതമാനം വരെ കുതിച്ചുയര്‍ന്നു. ദുബായ് സൗത്തിന്റെ ശരാശരി വാടക കഴിഞ്ഞ വര്‍ഷത്തെ വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് ഏകദേശം 38 ശതമാനം വര്‍ധിച്ചു.

ജുമൈറ ദ്വീപുകള്‍ പോലെയുള്ള ആഢംബര കമ്മ്യൂണിറ്റികളില്‍, വാടക വില കഴിഞ്ഞ വര്‍ഷത്തെ 350,000 ദിര്‍ഹത്തെ അപേക്ഷിച്ച് 2024 ആദ്യ പാദത്തില്‍ അഞ്ചു ലക്ഷം ദിര്‍ഹത്തില്‍ എത്തി. ശരാശരി വാടകയില്‍ 43 ശതമാനം വര്‍ധനയുണ്ടായി. അതുപോലെ, അല്‍ ബരാരി മേഖല കഴിഞ്ഞ വര്‍ഷത്തെ ശരാശരി വാടകയായ മൂന്നു ലക്ഷം ദിര്‍ഹത്തില്‍ നിന്ന് ഈ വര്‍ഷം 39 ശതമാനം വര്‍ധിച്ച് നാലു ലക്ഷം ദിര്‍ഹമായി ഉയര്‍ന്നു. ഈ വര്‍ഷം ആദ്യം ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ച മേഖലകളില്‍ തിലാല്‍ അല്‍ ഗാഫ് (21 ശതമാനം വര്‍ധന), ദുബായ് ഹില്‍സ് എസ്റ്റേറ്റ് (14 ശതമാനം), ദി വില്ല പ്രോജക്റ്റ് (12 ശതമാനം), ദുബായ് ക്രീക്ക് ഹാര്‍ബര്‍ (11 ശതമാനം) എന്നിവയും ഉള്‍പ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.