കോഴിക്കോട്: ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം നടന്നത് ഇതിനു നേര്‍ ഉദാഹരണം. ഇവിടെ കസ്റ്റംസ് ഹാളില്‍ സുരക്ഷാ പരിശോധനക്കെത്തിയ സി.ഐ.എസ്.എഫിന്റെ സാന്നിധ്യത്തില്‍ ബാഗേജുകള്‍ പരിശോധിക്കാനാവില്ലെന്ന കസ്റ്റംസ് നിലപാട് യാത്രക്കാരെ വലച്ചു.
ഒരു മണിക്കൂറോളം യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് കസ്റ്റംസ്‌വിഭാഗം പരിശോധനയ്ക്ക് തയ്യാറായത്. ബാഗേജ് ലഭിക്കാന്‍ വൈകിയതില്‍ കുപിതരായ യാത്രക്കാര്‍ ജീവനക്കാര്‍ക്ക് നേരെ തട്ടിക്കയറുകയും ബഹളം വെക്കുകയുംചെയ്തു.
ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ സുരക്ഷാ നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഇതിനാല്‍തന്നെ ദിവസവും വിമാനത്താവളവും പരിസരവും വിമാനത്താവള സുരക്ഷാസേന വിശദമായി പരിശോധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ആറ് മണിയോടെ സുരക്ഷാവിഭാഗം കസ്റ്റംസ്ഹാളില്‍ പരിശോധന തുടങ്ങിയിരുന്നു. ഈ സമയത്താണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ.എക്‌സ് 997 ഷാര്‍ജകോഴിക്കോട്, ഐ.എക്‌സ് 948 അബുദാബികോഴിക്കോട് വിമാനങ്ങള്‍ എത്തിയത്.
നാനൂറോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സുരക്ഷാസേനയുടെ സാന്നിധ്യത്തില്‍ ബാഗേജ് പരിശോധന നടത്താന്‍ സാധ്യമല്ലെന്ന് കസ്റ്റംസ്‌വിഭാഗം നിര്‍ബന്ധം പിടിച്ചു. ബാഗേജ് മോഷണത്തെത്തുടര്‍ന്ന് കസ്റ്റംസ്ഹാളില്‍ ആറുപേരെ കൂടുതലായി ഡ്യൂട്ടിക്ക് സി.ഐ.എസ്.എഫ് നിയോഗിച്ചതിന്റെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്നു. ഇതിനിടെയാണ് പരിശോധനാസമയത്ത് ബാഗേജുകള്‍ ക്ലിയര്‍ ചെയ്യാനാവില്ലെന്ന് കസ്റ്റംസ്‌വിഭാഗം വാശി പിടിച്ചത്. ബാഗേജുകള്‍ ലഭിക്കാന്‍ വൈകിയതോടെ കുപിതരായ യാത്രക്കാര്‍ ബഹളംവെച്ചു. ഇതോടെയാണ് പരിശോധന തുടങ്ങാന്‍ കസ്റ്റംസ്‌വിഭാഗം നിര്‍ബന്ധിതരായത്. രണ്ടുമണിക്കൂര്‍വരെ വൈകിയാണ് പല യാത്രക്കാര്‍ക്കും ബാഗേജ് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല