നിയമവിരുദ്ധമായി വ്യാജ മദ്യവും പുകയില ഉത്പ്പന്നങ്ങളും വിറ്റുവന്നിരുന്ന വ്യാപാരികളെ കൗണ്‍സില്‍ അധികൃതര്‍ പിടികൂടി. മനുഷ്യാവകാശ ലംഘനമാകുമെന്ന് ഭയന്ന് ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൗണ്‍സില്‍ അധികാരികള്‍ വിസമ്മതിച്ചു. ഡെര്‍ബി സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഒട്ടുമിക്ക കടകളിലും നിയമവിരുദ്ധമായ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മദ്യത്തില്‍ ലെഡിന്റേയും മറ്റ് രാസവസ്തുക്കളുടേയും തോത് അപകടകരമായ രീതിയില്‍ ഉയര്‍ന്നതാണന്ന് കൗണ്‍സില്‍ അധികാരികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ കടയുടേയും കടയുടമകളുടേയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അവരുടെ മനുഷ്യവകാശത്തിന് മേലുളള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടുമെന്ന് നിയമോപദേശം കിട്ടിയതിനാലാണ് പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കാത്തത് എന്ന് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. നിയമവിരുദ്ധമായ സാധനങ്ങള്‍ വിറ്റ കടകളെ കുറിച്ചുളള വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ സാധിക്കാത്തത് തികച്ചും നിരാശാജനകമാണന്ന് കൗണ്‍സിലര്‍ ഹര്‍ദാല്‍ ഡിന്ദ്സ പറഞ്ഞു.
22 കടകളിലാണ് കൗണ്‍സില്‍ അധികൃതര്‍ പരിശോധന നടത്തിയത്. പതിനൊന്ന് കടകളിലും അനധികൃത സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തി. കടകളില്‍ നിന്ന് പിടിച്ചെടുത്ത മദ്യത്തില്‍ അനുവദനീയമായതിലും അനേകമിരട്ടി അളവില്‍ കാഡ്മിയവും ലെഡും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. കാഡ്മിയം വൃക്കകളെ തകരാറിലാക്കുകയും ലെഡ് നാഡീ സംബന്ധമായ തകരാറുകള്‍ക്കും പ്രത്യുല്‍പ്പാദന സംബന്ധമായ തകരാറുകള്‍ക്കും കാരണമാവുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം സിറ്റിയിലെ ചില കടകളില്‍ നിന്ന് വ്യാജ വോഡ്ക പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ കൗണ്‍സില്‍ അധികാരികള്‍ തീരുമാനിച്ചത്. പിടിച്ചെടുത്ത വ്യാജ വോഡ്കയില് ക്ലീനിംഗിന് ഉപയോഗിക്കുന്ന ഐസോപ്രൊപ്പെയ്ല് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു.
ആരോഗ്യത്തിന് ഹാനീകരമായ സാധനങ്ങള്‍ വിറ്റതിനൊപ്പം 2 ബില്യണ്‍ പൗണ്ടിലധികം നികുതി വെട്ടിപ്പും കടയുടമകള്‍ നടത്തിയിട്ടുണ്ടെന്നും കൗണ്‍സിലര്‍ ഡിന്ദ്സ പറഞ്ഞു. കടയുടമകളെ തൊണ്ടി സഹിതം പിടികൂടിയിട്ടും തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് കൗണ്‍സില്‍ അധികൃതര്‍. നിയമവിരുദ്ധമായ സാധനങ്ങള്‍ പിടിച്ചെടുത്ത കടകളില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ പിടിച്ചെടുക്കുന്നത് ഇതാദ്യമല്ലെന്ന് ട്രേഡിംഗ് സ്റ്റാന്റേര്‍ഡ്സിന്റെ ടീം ലീഡര്‍ ഡഗ്ളസ് വാക്ക്മാന് പറഞ്ഞു. ഇത് ഡെര്‍ബിയിലെ മാത്രം പ്രശ്നമല്ല. വ്യാജമദ്യവും പുകയില ഉല്‍പ്പന്നങ്ങളും രാജ്യത്താകമാനം വില്‍ക്കുന്നുണ്ടെന്നും ഡഗ്ളസ് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല