സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് രാജിവെച്ച കൗൺസിൽ സീറ്റിൽ ലേബർ പാർട്ടിക്ക് തോൽവി. കേവലം 6 വോട്ടുകൾക്ക് പരാജയപ്പെട്ടത് ലേബർ പാർട്ടിയുടെ തന്നെ സ്ഥാനാർഥിയും മലയാളിയുമായ റീന മാത്യുവാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി സ്ഥാനാർഥിയായ തോം പിസ്സ 299 വോട്ടുകൾക്ക് വിജയിച്ചു. റീന മാത്യു 293 വോട്ടുകൾ നേടി.
ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ച റീഫോം 216 വോട്ടുകളും കൺസർവേറ്റീവ് പാർട്ടി 111 വോട്ടുകളും നേടി. ലിബറൽ ഡെമോക്രാറ്റിക്ക് പാർട്ടി 26 വോട്ടുകൾ നേടി. ഉപ തിരഞ്ഞെടുപ്പ് നടന്ന ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ ആദ്യ മലയാളി കൗൺസിലർ ആയിരുന്നു സോജൻ ജോസഫ്.
എംപിയായി വിജയിച്ച സോജൻ ജോസഫിന്റെ കൂടി അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് എൻഎച്ച്എസിൽ നഴ്സായ റീന മാത്യുവിനെ ലേബർ പാർട്ടി മത്സരിപ്പിച്ചത്. എന്നാൽ വാശിയേറിയ തിരഞ്ഞെടുപ്പിൽ പരാജയം അപ്രതീക്ഷിതമായിരുന്നു. തിരഞ്ഞെടുപ്പിൽ റീനയ്ക്ക് വെല്ലുവിളി ഉയർത്തിയത് റീഫോം പാര്‍ട്ടിയാണെന്നാണ് വോട്ടുകളുടെ എണ്ണം നൽകുന്ന സൂചന.
ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡിൽ നിന്നായിരുന്നു സോജൻ ജോസഫ് വിജയിച്ചിരുന്നത്. റീന മാത്യു തിരഞ്ഞെടുക്കപ്പെട്ട് കൗൺസിലിൽ വീണ്ടുമൊരു മലയാളി സാനിധ്യം ഉണ്ടാകുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലേബർ പാർട്ടിയുടെ അഭിമാന പോരാട്ടത്തിനോടുവിൽ റീന മാത്യു പരാജയപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല