പള്ളിയില്‍ പോകാറില്ലെങ്കിലും ബ്രിട്ടണില്‍ ബഹുഭൂരിപക്ഷം ജനങ്ങളും ക്രിസ്തീയ മതവിശ്വാസികളാണ് എന്നാല്‍ അടുത്തിടെ അധികൃതര്‍ കൊണ്ടുവരുന്ന ചില മാറ്റങ്ങളും തീരുമാനങ്ങളും ക്രിസ്തീയ വിശ്വാസങ്ങളില്‍ നിന്നും തികച്ചും ഭിന്നമായിരിക്കുന്നവയാണ്. സ്വവരഗാനുരാഗികളുടെ വിവാഹം നിയമപരമാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ എതിര്‍ത്തുകൊണ്ട് ഒരു ബിഷപ്പ് മുന്നോട്ടു വന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. അതേസമയം ഇപ്പോള്‍ ബ്രിട്ടന്റെ ക്രിസ്തീയ പാരമ്പര്യത്തിന് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത് ബ്രിട്ടീഷ് ഹൈക്കോടതിയാണ്. സാധാരണയായി കൌണ്‍സില്‍ യോഗങ്ങള്‍ക്ക് മുന്‍പ് ഈശ്വര പ്രാര്‍ത്ഥന നടത്തുന്ന ഏര്‍പ്പാടു ജനപ്രതിനിധി സഭയിലും പ്രഭുസഭയിലുമുണ്ട്. ഈ പ്രാര്‍ത്ഥന ഹൈക്കോടതി നിരോധിച്ചിരിക്കുയാണ് ഇപ്പോള്‍.
ഈ നിരോധനം മൂലം ബ്രിട്ടനിലെയും വേല്‍സിലെയും ആശുപത്രികളിലും സൈനിക വിഭാഗങ്ങളിലും നിലവില്‍ സേവനമനുഷ്ടിച്ച് വരുന്ന പുരോഹിതന്മാരുടെ ഭാവിയും അവതാളത്തിലാകും. ഇത് കിരീടധാരണ സമയത്ത് രാജാക്കന്മാരും രാജ്ഞിമാരും നടത്തിവരാറുള്ള കൊറോണെഷന്‍ സത്യപ്രതിജ്ഞ നിരോധിക്കാനും ഇടയാക്കിയെക്കുമെന്ന് വിദഗ്തര്‍ ചൂണ്ടികാട്ടുന്നു. ഇപ്പോഴത്തെ ഈ ഉത്തരവില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൌണ്‍സില്‍ യോഗങ്ങള്‍ക്ക് മുന്‍പുള്ള പ്രാര്‍ത്ഥന നിരോധിക്കുവാന്‍ ആണ് കോടതി ഉത്തരവ്. മുന്‍പ് 2010 ല്‍ ബെഡ്ഫോര്‍ഡ് ടൗണ്‍ കൗണ്‍സിലിനെതിരെ ജൂലൈയില്‍ നിരീശ്വരവാദിയും അന്നത്തെ കൗണ്‍സിലറുമായിരുന്ന ക്ലൈവ് ബോണ്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിധി.
കൗണ്‍സില്‍ യോഗങ്ങള്‍ക്കുമുമ്പ് നടത്തുന്ന ഈശ്വരപ്രാര്‍ത്ഥന അനാവശ്യമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നുമാണ് അദ്ദേഹം വാദിച്ചത്. അവിശ്വാസികള്‍ക്ക് ഇത് അരോചകമാണെന്നും നാഷണല്‍ സെക്യുലര്‍ സൊസൈറ്റിയുടെ പിന്തുണയോടെ അദ്ദേഹം വാദിച്ചു. തുടര്‍ന്ന് നടന്ന വാദത്തില്‍ കേസിലെ മനുഷ്യാവകാശങ്ങളും തുല്യാവകാശങ്ങളും സംബന്ധിച്ച വാദം നിരസിക്കപ്പെട്ടെങ്കിലും കൗണ്‍സില്‍ യോഗങ്ങളില്‍ ഈശ്വര പ്രാര്‍ത്ഥന നടത്തുന്ന രീതി നിയമവിരുദ്ധമാണെന്ന് കേസിന് വിധി കല്‍പ്പിച്ച ജസ്റ്റിസ് ഔസെലി വ്യക്തമാക്കുകയായിരുന്നു. 1972ലെ ലോക്കല്‍ ഗവണ്‍മെന്റ് ആക്ടിലെ സാങ്കേതികത്വമാണ് പ്രാര്‍ത്ഥനയെ നിയമവിരുദ്ധമാക്കുന്നതെന്നും അദ്ദേഹം ന്യായീകരിക്കുകയുണ്ടായി.
കൗണ്‍സില്‍ നടപടികളുടെ ഭാഗമായി പ്രാര്‍ത്ഥനകള്‍ ചൊല്ലാനോ മൗനമായി കുറച്ചുനേരം നില്‍ക്കാനോ അധികൃതര്‍ക്ക് കഴിയില്ലെന്ന് കൂടിചേര്‍ത്ത അദ്ദേഹം കേസിന്റെ വ്യാപകപ്രാധാന്യം കണക്കിലെടുത്ത് ബെഡ്ഫോര്‍ഡ് കൗണ്‍സിലിന് അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിധിയില്‍ പല വിശ്വാസികളും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. മതവിരുദ്ധമാണ് വിധിയെന്ന് പറഞ്ഞ കമ്മ്യൂണിറ്റീസ് സെക്രട്ടറി എറിക് പിക്കിള്‍സ് ലോക്കലിസം ആക്ട് കൊണ്ടുവന്നാല്‍ വിധിയെ മറികടക്കാമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. എന്തായാലും ക്രിസ്തുമത വിശ്വാസികള്‍ക്ക് കനത്ത വെല്ലുവിളി ആണ് ഈ കോടതി വിധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല