1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2018

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയി മടങ്ങിയെത്തുന്ന സ്ത്രീകളുടേയും കുട്ടികളുടേയും കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് സര്‍വകലാശാലയുടെ പഠനം. എന്നാല്‍ ലോക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും കിംഗ്‌സ് കോളെജ് ഓഫ് ലണ്ടന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ തിരിച്ചെത്തുന്നവരെ പറ്റിയുള്ള വിവരങ്ങള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അന്വേഷിക്കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു.

സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് റാഡിക്കലൈസേഷനാണ് പഠനം നടത്തിയത്. ലോകമെമ്പാടും ഐഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളിലെല്ലാം വനിതകള്‍ വ്യാപകമായി പങ്കെടുക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2013 ഏപ്രിലിനും 2018 ജൂണിനും ഇടയില്‍ 41,490 വിദേശികള്‍ ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേര്‍ന്നതായാണ് കണക്ക്. ഇതില്‍ 4,761 പേര്‍ സ്ത്രീകളാണ്. 4,640 പേരാകട്ടെ കുട്ടികളും.

ഇത് ഐഎസില്‍ ചേര്‍ന്ന വിദേശികളുടെ 12% വരും. മൂന്നു തരത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഭീകരാക്രമണ പദ്ധതികള് ഭീകരര്‍ തയ്യാറാക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള സെല്‍, കുടുംബ സെല്‍, ഒറ്റയ്ക്ക് ആക്രമണം നടത്തുന്നവര്‍ എന്നിങ്ങനെയാണത്. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനിടെ ബോംബ് ആക്രമണം പദ്ധതിയിട്ടതിനാണ് 2016 ഒക്ടോബറില്‍ മൊറോക്കോയില്‍ നിന്ന് 10 സ്ത്രീകള്‍ പിടിയിലായത്. ഇവരില്‍ നാലു പേര്‍ ഇന്റര്‍നെറ്റിലൂടെ ഇറാഖിലെയും സിറിയയിലെയും ഐഎസ് അംഗങ്ങളെ വിവാഹം ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ട സ്ത്രീകളുടെ സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് സ്ത്രീകള്‍ മാത്രമായി ആക്രമണം പദ്ധതിയിട്ട ആദ്യത്തെ സംഭവവുമായിരുന്നു ഇത്. സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ജഡ്ജുമാരും ഉള്‍പ്പെടെയുള്ളവര്‍ ഒപ്പം ചേരുമ്പോള്‍ ഭീകരതയുടെ മുഖം മാറുമെന്ന വിശ്വാസമാണ് ഐഎസിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.