1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2012

ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതികരിച്ച അംഗവൈകല്യമുള്ള വനിതാഅഭിഭാഷകയേയും ഭര്‍ത്താവിനെയും ചൈന തുറുങ്കിലടച്ചു. അഭിഭാഷക നി യുലാന്‍ ഭര്‍ത്താവ് ദോങ് ജിഖിന്‍ എന്നിവരെയാണ് അറസ്റ്റുചെയ്ത് ഒരുവര്‍ഷത്തിനുശേഷം ജയിലിലടച്ചത്. സര്‍ക്കാര്‍ ഏറ്റെടുത്ത വീടുകളുടെ ഉടമകള്‍ക്ക് നിയമസഹായം നല്‍കിയതുവഴിയാണ് നി യുലാനും ഭര്‍ത്താവും പ്രശസ്തരായത്.

2002-ല്‍ തങ്ങളുടെ വീട് തകര്‍ത്തതിനെത്തുടര്‍ന്നാണ് ഇവര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പോലീസ് പീഡനത്തെത്തുടര്‍ന്നാണ് നി യുലാന് ശാരീരികവൈകല്യം സംഭവിച്ചത്. നി യുലാനെ രണ്ടുവര്‍ഷവും എട്ടുമാസത്തേക്കും ഭര്‍ത്താവിനെ രണ്ടുവര്‍ഷത്തേക്കുമാണ് ശിക്ഷിച്ചത്.

കലഹം ഉണ്ടാക്കി, സ്വകാര്യ, പൊതുസ്വത്തുക്കള്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറബ് വസന്തത്തിന് തുല്യമായി പ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ ആഹ്വാനംചെയ്ത സമയത്ത് നിരവധി സാമൂഹികപ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. ഇവരോടൊപ്പം കഴിഞ്ഞ ഏപ്രിലിലാണ് നി യുലാനെയും ഭര്‍ത്താവിനെയും അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഡിസംബറില്‍ നടത്തിയ വിചാരണയില്‍നിന്നും മാധ്യമപ്രവര്‍ത്തകരെയും വിദേശ നയതന്ത്രപ്രതിനിധികളെയും ഒഴിവാക്കിയിരുന്നു. വിചാരണാവേളയില്‍ തന്റെ മാതാപിതാക്കള്‍ക്ക് നീതി ലഭിച്ചില്ലെന്നും അവരെ വിട്ടയയ്ക്കണമെന്നും മകള്‍ ദോങ് യുവാന്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.