സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ അറസ്റ്റു ചെയ്ത മലയാളിയെ കുറ്റവിമുക്തനാക്കി; തെളിവില്ലെന്ന് ശ്രീലങ്കന്‍ കോടതി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റു ചെയ്ത കേരളത്തില്‍ നിന്നുള്ള മാര്‍സലി തോമസിനെയാണ് കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച വെറുതെവിട്ടത്. എന്നാല്‍ വിസയില്ലാതെ ശ്രീലങ്കയില്‍ താമസിച്ചതിന് തോമസ് നിയമനടപടി നേരിടേണ്ടി വരും.
പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കുന്ന നമല്‍ കുമാര എന്ന ശ്രീലങ്കന്‍ പൗരന്റെ പരാതിയെത്തുടര്‍ന്നാണ് മാര്‍സലി തോമസിനെ പോലീസ് അറസ്റ്റുചെയ്തത്. പ്രസിഡന്റ് സിരിസേന, മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനും പ്രതിരോധവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗോട്ഭയ രാജപക്‌സെ എന്നിവരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
തോമസിനെതിരേയുള്ള തെളിവുകള്‍ രണ്ടാഴ്ചയ്ക്കകം ഹാജരാക്കാന്‍ കോടതി ഫെബ്രുവരി 13ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും തോമസ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് തോമസിനെ കുറ്റവിമുക്തനാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല