കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുന്ന ക്രിമിനല്‍ കുറ്റം ചെയ്തവര്‍ കോടതി ചെലവുകള്‍ക്കുള്ള പണം കൂടി കെട്ടി വെയ്ക്കണമെന്ന പുതിയ നിയമം ഇംഗ്ലണ്ടിലും വെയ്ല്‍സിലും നിലവില്‍ വരുന്നു. കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം കുറ്റവാളികളായ ആളുകള്‍ കോടതി ചെലവായി 1200 പൗണ്ട് അടയ്ക്കണമെന്നാണ് പുതിയ നിയമം. ഏപ്രില്‍ 13 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ജസ്റ്റീസ് സെക്രട്ടറി ക്രിസ് ഗ്രേലിംഗ് പറഞ്ഞു. എല്ലാ കുറ്റവാളികള്‍ക്കു ഒരേ തുകയായിരിക്കില്ല. 150 പൗണ്ടിലാണ് പിഴ ആരംഭിക്കുന്നത്. ഇത് പരമാവധി 1200 പൗണ്ട് വരെ ഈടാക്കും.
അതേസമയം കുറഞ്ഞ വരുമാനക്കാര്‍ക്ക് ഈ നിയമം തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കുകയാണ് മജിസ്‌ട്രേറ്റ്‌സ് അസോസിയേഷന്‍. ആദ്യം തന്നെ കുറ്റം സമ്മതിക്കുകയാണെങ്കില്‍ കുറഞ്ഞ പിഴ തുകയും വിചാരണയ്ക്ക് ശേഷം കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ കൂടിയ തുകയുമാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, ഈ നിയമം നിരപരാധികളായ ആളുകളെ കുറ്റസമ്മതം നടത്തുന്നതിലേക്ക് വഴിതെളിയിക്കുമെന്ന് മജിസ്‌ട്രേറ്റ്‌സ് അസോസിയേഷന്‍ കരുതുന്നു. ഈ പദ്ധതി പുനപരിശോധിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയില്‍നിന്നുണ്ടാകുന്ന നിയമപരമായ പിഴ, നഷ്ടപരിഹാര തുക, വക്കീലിന് കൊടുക്കേണ്ട തുക, മറ്റു കോടതി ചെലവുകള്‍ എന്നിവയ്ക്ക് പുറമെയാണ് ഈ തുക അടയ്‌ക്കേണ്ടത്. ഈ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യവും കോടതി ചെയ്തു നല്‍കുന്നുണ്ട്. 2020 ഓടെ കോടതി ചെലവുകള്‍ കഴിഞ്ഞ് 1150 മില്യണ്‍ പൗണ്ട് മിച്ചം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല