സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രതിനിധിയായി മറാത്തി ചിത്രം കോര്‍ട്ട് ഓസ്‌കറിന്, പിന്തള്ളിയത് ബാഹുബലി ഉള്‍പ്പടെ വമ്പന്മാരെ. മികച്ച ചിത്രത്തിനുള്ള ഇക്കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രമാണ് പുതുമുഖ സംവിധായകന്‍ ചൈതന്യ തംഹാനെ സംവിധാനം ചെയ്ത കോര്‍ട്ട്.
ഏറെ നിരൂപണ പ്രശംസ നേടിയ ചിത്രം ബാഹുബലി ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങളെ പിന്തള്ളിയാണ് മികച്ച വിദേശ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായത്. മികച്ച സാങ്കേതികതയും സര്‍ഗാത്മകതയും ഒത്തുചേര്‍ന്ന് സമകാലിക ഇന്ത്യയെ തുറന്നു കാട്ടുകയാണ് സിനിമയെന്ന് തിരഞ്ഞെടുത്ത ഫിലിം ഫെഡറേഷന്‍ ജൂറി ചെയര്‍മാന്‍ അമോല്‍ പലേക്കര്‍ അറിയിച്ചു.
30 ഓളം സിനിമകളില്‍ നിന്നാണ് ജൂറിയുടെ തിരഞ്ഞെടുപ്പ്. ഒരു നാടോടി ഗായകന്രെ വിചാരണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പരിശോധനാ വിധേയമാക്കുകയാണ് സംവിധായകന്‍. മുംബയിലെ ഒരു കീഴ്‌ക്കോടതിയായിരുന്നു കഥാ പരിസരം. പുതുമുഖങ്ങളായിരുന്നു ചിത്രത്തിലേറെയും. ആദ്യമായി 2014 സെപ്തംബര്‍ നാലിന് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം അവാര്‍ഡും നേടിയിരുന്നു. 2015 ഏപ്രില്‍ 17നാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്.
ബാഹുബലിയാവും ഓസ്‌ക്കാറിലേക്കെന്ന അഭ്യൂഹങ്ങളെ തള്ളിയായിരുന്നു ജൂറിയുടെ അപ്രതീക്ഷിത തീരുമാനം. 17 അംഗ ജൂറിയില്‍ നിന്ന് രണ്ടുപേര്‍ രാജി വെച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സാങ്കേതിക കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ചെയര്‍മാന്റെ മറുപടി. കോര്‍ട്ട് ഐക്യകണ്‌ഠേനയുള്ള തീരുമാനമാണെന്നും പലേക്കര്‍ വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല