നടന് സായികുമാര്‍ 15,000 രൂപ ഭാര്യയ്ക്കും 10,000 രൂപ മകള്‍ക്കും പ്രതിമാസം ചിലവിന് നല്‍കണമെന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ഗാര്‍ഹിക പീഡന നിയമപ്രകാരം സായികുമാറിന്റെ ഭാര്യ പ്രസന്നകുമാരി അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് വിധി. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സന്തോഷ്കുമാറാണ് കേസ് പരിഗണിച്ചത്.
ഇതിന് പുറമേ ബാങ്കില്‍ വസ്തു പണയപ്പെടുത്തി എടുത്ത ലോണ്‍ തിരിച്ചടക്കുന്നതിന് മാസം 18,000 രൂപ വീതം നല്‍കണമെന്നും വിധിയിലുണ്ട്. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ഈ തുകകള്‍ നല്‍കണം. ഭാര്യയെയും മകളെയും ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറക്കിവിടുകയോ, അവരുടെ സ്വസ്ഥ ജീവിതത്തിന് തടസ്സമുണ്ടാക്കുകയോ ചെയ്യരുതെന്നും വിധിയിലുണ്ട്.
5000 രൂപ ചിലവിന് ആവശ്യപ്പെട്ടാണ് പ്രസന്നകുമാരി കേസ് ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ ഇവര്‍ അര്‍ബുദരോഗിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയ്ക്കും യാത്രാച്ചിലവിനുമായി തുക വര്‍ധിപ്പിച്ച് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു.
കൊല്ലം മാടന് നടയിലുള്ള വീട്ടിലാണ് പ്രസന്നകുമാരിയും മകള്‍ വൈഷ്ണവിയും താമസിക്കുന്നത്. ഭാര്യയുമായി അകന്നശേഷം സായ്കുമാര് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല