സ്വന്തം ലേഖകൻ: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഇന്ന് മുതല്‍ ആരംഭിക്കും. പറ്റ്‌നയിലെ എയിംസ് (ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്) ആണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാനൊരുങ്ങുന്നത്. പരീക്ഷണത്തിനൊപ്പം ചേരാന്‍ നിരവധി പേര്‍ സന്നദ്ധരായി എത്തിയെന്നും എന്നാല്‍ 18-55 വയസ്സുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട 18 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുകയെന്ന് ആശുപത്രി അറിയിച്ചു.
ഐ.സി.എം.ആറും ഭാരത് ബയോടെക്കും ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട രോഗികളില്‍ മെഡിക്കല്‍ ചെക്കപ്പിന് വിധേയമാക്കും. തുടര്‍ന്ന് അവരുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമായിരിക്കും പരീക്ഷണം നടത്തുക.
റിപ്പോര്‍ട്ടുകളില്‍ കുഴപ്പമില്ലാത്തവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ പരീക്ഷണം നടത്തുക. മരുന്ന് കുത്തി വെച്ച് കഴിഞ്ഞാല്‍ ആദ്യം 2-3 മണിക്കൂര്‍ വരെ ഇയാളെ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വെക്കും. ശേഷം വീട്ടിലേക്ക് വരും. മൂന്ന് ഡോസുകളായാണ് മരുന്ന് കുത്തിവെക്കുക. അതിന് ശേഷമാകും പരീക്ഷണം അവസാനിക്കുക. രാജ്യത്തെ 12 ആശുപത്രികളിലായിട്ടാണ് മനുഷ്യരില്‍ പരീക്ഷണം നടത്തുക.
ആദ്യഘട്ടം പൂര്‍ത്തീകരിക്കാന്‍ രണ്ട് മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 15ന് കോ വാക്‌സിന്‍ പുറത്തിറക്കാന്‍ ഐ.സി.എം.ആറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
വാക്സിന്‍ വികസിപ്പിച്ചെടുക്കുക എന്നത് സങ്കീര്‍ണ്ണമായ ഒരുപാട് പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒന്നാണെന്നും ആറാഴ്ച ഡെഡ് ലൈന്‍ കൊടുത്ത് വാക്സിന്‍ വികസിപ്പിക്കുക എന്നത് അസാധ്യമാണെന്നും ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ഐ.സി.എം.ആര്‍ രംഗത്തെത്തിയിരുന്നു. ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം പുരോഗമിക്കുന്നതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.
മനുഷ്യരിലും മൃഗങ്ങളിലും വാക്സിന്‍ പരീക്ഷണം നടത്തുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. നേരത്തെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്നും ഐ.സി.എം.ആര്‍. അവകാശപ്പെട്ടു.
അതിനിടെ കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ഗവേഷണം അവസാനിച്ചു. വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ആയതിനു ശേഷവും അവർ നിരീക്ഷണത്തിലായിരിക്കും,” സർവകലാശാലയിലെ ക്ലിനിക്കൽ റിസർച്ച് സെൻ്ററിൻ്റെ ഹെഡ് ആയ എലെന പറഞ്ഞു.
ജൂൺ 18നാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 18 വളണ്ടിയർമാരിലും ജൂൺ 23നു നടന്ന രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരിലും വാക്സിൻ പരീക്ഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല