![](https://www.nrimalayalee.com/wp-content/uploads/2021/09/Covaxin-Kuwait-Pravasi-Legal-Cell.jpg)
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കോവാക്സിനു ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. വ്യവസ്ഥകൾക്കു വിധേയമായാണു ഭാരത് ബയോടെക്‌നോളജിയുടെ കോവാക്‌സിന് അംഗീകാരം നൽകിയത്. നടപടി പ്രാബല്യത്തിലായി. പുതിയ നടപടി കോവാക്സിൻ എടുത്തവരുടെ ഖത്തർ പ്രവേശനം എളുപ്പമാക്കും. കോവാക്‌സിന് ഇതുവരെ അംഗീകാരം ലഭിക്കാത്തതിനാൽ ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ കഴിയാതെ വിഷമിച്ചിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പുതിയ നടപടി ഏറെ ആശ്വാസകരമാണ്.
നിലവിൽ കോവാക്‌സിനു പുറമേ സിനോഫാം, സിനോവാക്, സ്പുട്നിക് വി എന്നിവയാണ് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചിരിക്കുന്നവ. ഫൈസർ-ബയോടെക്, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, അസ്ട്രാസെനക (കോവിഷീൽഡ്) എന്നിവയാണു വ്യവസ്ഥകളില്ലാതെ ഖത്തർ അംഗീകരിച്ചിരിക്കുന്ന വാക്‌സീനുകൾ.
കോവാക്‌സിൻ രണ്ടു ഡോസും പൂർത്തിയാക്കി രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം പിന്നിട്ടവർക്കാണു പ്രവേശനം. ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നതിനു മുൻപ് നടത്തിയ സെറോളജി ആന്റിബോഡി പോസിറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റും കൈവശമുണ്ടാകണം. ഈ സർട്ടിഫിക്കറ്റിന് 30 ദിവസമാണ് കാലാവധി. കോവിഡ് വാക്‌സിനേഷൻ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഹോട്ടൽ ക്വാറന്റീൻ ബുക്കിങ് രേഖ, യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ ഫലം, ഇഹ്‌തെറാസ് പ്രീ-റജിസ്‌ട്രേഷൻ തുടങ്ങിയ വ്യവസ്ഥകളും പാലിക്കണം.
എക്‌സെപ്ഷനൽ റെഡ് പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഖത്തറിന്റെ പ്രവേശന, ക്വാറന്റീൻ വ്യവസ്ഥകൾ പ്രകാരം വ്യവസ്ഥകൾക്കു വിധേയമായി അംഗീകരിച്ച കോവാക്‌സിൻ എടുത്തവരാണെങ്കിൽ നാട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് സെറോളജി ആന്റിബോഡി പരിശോധന നടത്താൻ കഴിഞ്ഞില്ലെങ്കിലോ ഫലം നെഗറ്റീവ് ആണെങ്കിലോ ഇവർ ഖത്തറിലെത്തി 7 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണമെന്നാണു വ്യവസ്ഥ.
നാട്ടിൽ നിന്നെടുത്ത ആന്റിബോഡി പോസിറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടെങ്കിൽ ഹോട്ടൽ ക്വാറന്റീൻ 2 ദിവസം മതി. ഖത്തർ അംഗീകൃത വാക്‌സിനേഷൻ പൂർത്തിയാക്കിയ ഖത്തർ പ്രവാസികൾക്കു 2 ദിവസവും വാക്‌സിനെടുക്കാത്തവരും ഭാഗികമായി വാക്‌സിനെടുത്തവരുമായ ഖത്തർ പ്രവാസികൾക്ക് 7 ദിവസവുമാണു ഹോട്ടൽ ക്വാറന്റീൻ. സന്ദർശക, ഓൺ അറൈവൽ വിസകളിലെത്തുന്നവരിൽ ഖത്തർ അംഗീകൃത വാക്‌സീൻ എടുത്തവർക്കു മാത്രമേ പ്രവേശനമുള്ളു. ഇവർക്കും 2 ദിവസമാണ് ഹോട്ടൽ ക്വാറന്റീൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല