![](https://www.nrimalayalee.com/wp-content/uploads/2020/07/COVAXIN-AIIMS-to-start-human-trial-of-coronavirus-vaccine.jpg)
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ഏജൻസികൾ വഴിയുള്ള കോവാക്സിന്റെ വിതരണം താൽക്കാലികമായി റദ്ദാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് ആണ് വാക്സീന്റെ നിർമാതാക്കൾ. വാക്സീന്റെ ഫലപ്രാപ്തിയോ സുരക്ഷാ കാര്യങ്ങളോ അല്ല തീരുമാനത്തിനു പിന്നിലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
പരിശോധനയിൽ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കണമെന്നും സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ഡബ്ല്യുഎച്ച്ഒ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സീൻ വാങ്ങിയ രാജ്യങ്ങളോടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡബ്ല്യുഎച്ച്ഒ നിർദേശം നൽകി. എന്നാൽ ഈ നിർദേശങ്ങളെന്തെന്ന് പുറത്തുവന്നിട്ടില്ല.
താൽക്കാലികമായി കയറ്റുമതി നിരോധിച്ചതോടെ കോവാക്സിൻ വിതരണത്തിൽ തടസ്സം നേരിടും. ഡബ്ല്യുഎച്ച്ഒ മാർഗനിർദേശങ്ങൾ പാലിക്കാനായി വാക്സീൻ ഉൽപ്പാദനം കുറയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു. മാർച്ച് 14–22 വരെ ഡബ്ല്യുഎച്ച്ഒ കമ്പനിയുടെ ഉൽപ്പാദന കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. ഇതേത്തുടർന്നാണ് നിർദേശം ഇറക്കിയിരിക്കുന്നത്.
വാക്സീൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ നിലനിൽക്കുമെന്നും സുരക്ഷാ കാര്യത്തിലോ ഫലപ്രാപ്തിയിലോ ഈ നടപടി കുഴപ്പമുണ്ടാക്കില്ലെന്നും ഭാരത് ബയോടെക് വാർത്താക്കുറിപ്പിൽ അറിയിച്ചു. മികച്ച ഉത്പാദന നടപടിക്രമങ്ങൾ പാലിക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല