1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2021

സ്വന്തം ലേഖകൻ: ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി വൈകുന്നതിൽ വിശദീകരണവുമായി ലോകാരോഗ്യ സംഘടന. മരുന്നുമായി ബന്ധപ്പെട്ട് ഭാരത് ബയോടെകിൽ നിന്ന് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ‘കൊവാക്‌സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പ് വരുത്തണം.

എല്ലാ വശങ്ങളും പഠിക്കാതെ അതിന് അംഗീകാരം നൽകുന്നത് സാധ്യമല്ലെന്നും’ ഡബ്ല്യുഎച്ച്ഒ ട്വിറ്ററിൽ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഭാരത് ബയോടെക് കൂടുതൽ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. വിദഗ്ധർ ഈ വിവരങ്ങൾ പഠന വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു. വാക്‌സിന് കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

കൊവാക്‌സിൻ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടാൻ ധാരാളം പേർ കാത്തിരിക്കുന്നുണ്ടെന്ന് അറിയാം. പക്ഷേ എല്ലാ കാര്യങ്ങളും പൂർണമായും പഠിക്കാതെ അനുമതി നൽകുന്നത് സാധ്യമല്ല. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകും മുൻപ് വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന്’ ഡബ്ല്യുഎച്ച്ഒ ഒരു ട്വീറ്റിൽ പറയുന്നു.

കമ്പനി എത്ര വേഗമാണ് മരുന്നുകൾ ഉത്പാദിപ്പിക്കുന്നത്, വാക്‌സിന്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി, കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ കുടുംബങ്ങൾക്ക് വാക്‌സിൻ ലഭ്യമാകാനുള്ള സാഹചര്യം തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷം മാത്രമാണ് വാക്‌സിന് അന്തിമ അനുമതി നൽകുന്നത്. ലോകാരോഗ്യ സംഘടനയുടെ എല്ലാ ചോദ്യങ്ങളും ഭാരത് ബയോടെക് കൃത്യമായ വിശദീകരണം നൽകണം. ഇത് പഠന വിധേയമാക്കിയതിന് ശേഷമായിരിക്കും തീരുമാനങ്ങളെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു.

അതേസമയം ഈ മാസം 26ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. അന്നേ ദിവസം കൊവാക്‌സിന് അടിയന്തര അനുമതി ലഭിക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവാക്‌സിൻ, കൊവിഷീൽഡ്, സ്ഫുട്‌നിക് എന്നീ വാക്‌സിനുകളാണ് രാജ്യത്ത് ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ, മൊഡേണ, സിനോഫോം, അസ്ട്രസെനക്ക, കൊവിഷീൽഡ് തുടങ്ങിയ വാക്‌സിനുകൾക്കാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.