സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പൂട്ടുവീഴുന്ന സ്ഥാപനങ്ങളുടെ എണ്ണം അനുദിനം കൂടിവരികയാണ്. യൂറോപ്പിൽ ഓരോ ആഴ്ചയും തൊഴിൽ രഹിതരായി മാറുന്നത് പതിനായിരങ്ങളാണ്. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങൾ നിരവധിയും. ബ്രിട്ടൻ, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ഗ്യാപ്പ് ഈ സമ്മറോടെ യൂറോപ്പിലെ എല്ലാ ഷോറൂമുകളും അടയ്ക്കാനുള്ള തീരുമാനത്തിലാണ്.
യൂറോപ്പിലാകെ 129 ഷോറൂമുകളും നാനൂറിലേറെ ഫ്രാഞ്ചൈസികളുമുള്ള കമ്പനി ഹൈസ്ട്രീറ്റുകളിൽനിന്നും അപ്രത്യക്ഷമാകുമ്പോൾ തൊഴിൽ രഹിതരാകുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഷോറൂമുകൾ പൂട്ടിയാലും ഇ-കൊമേഴ്സിലൂടെ കമ്പനി നിലനിൽക്കും. നിലവിലെ സ്ഥിതിയിൽ മേയ് മാസത്തോടെ കമ്പനി 740 മില്യൺ പൗണ്ട് നഷ്ടത്തിലാകുമെന്നാണ് വിലയിരുത്തൽ. ഇതാണ് ഷോറൂമുകൾ എല്ലാം അടയ്ക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
ഗ്യാപ്പിനു പുറമേ വസ്ത്രവ്യാപാര നിർമാണ മേഖലയിലെ പല വമ്പന്മാരും പ്രതിസന്ധിയിൽ ആണെന്നാണ് വാർത്തകൾ. അഡ്മിനിസ്ട്രേഷനിലേക്ക് നീങ്ങുന്ന എഡിൻബറോ വൂളൻ മില്ലിൽ 21,000 പേരുടെ ജോലിയാണ് തുലാസിലാടുന്നത്. ഓഗസ്റ്റ് മാസത്തോടെ ഏതാനും ഷോറൂമുകൾ പൂട്ടുമെന്നും ഇതിന്റെ ഭാഗമായി നിരവധി ജീവനക്കാരെ കുറയ്ക്കുമെന്നും ഡെബനാംസും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
1,700 പേരുടെ ജോലി ഇല്ലാതാക്കി ഡിഡബ്ല്യു സ്പോർട്സ് ഇപ്പോൾ തന്നെ അഡ്മിനിസ്ട്രേഷൻ നടപടികളിലാണ്. സ്കോട്ട്ലൻഡ് ആസ്ഥാനമായുള്ള എം ആൻഡ് കോ ക്ലോത്തിംങ് റീട്ടെയ്‌ലറു ലിക്യുഡേഷൻ നടപടികളിലാണ്. ഇവിടെ 400 പേർക്കാണ് ഇതിനകം ജോലി നഷ്ടപ്പെട്ടത്.
യറോപ്പിൽ പ്രത്യേകിച്ച് ബ്രിട്ടനിൽ ഏവിയേഷൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി, എന്റർടെയിന്റ്മെന്റ്, ടെക്സ്റ്റൈൽ മേഖലകളിലെ കമ്പനികളാണ് കോവിഡ് മൂലം ഏറെ പ്രതിസന്ധിയിലായതും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതും.
അതിനിടെ ക്രിസ്മസ് ആകുമ്പോഴേക്കും കാര്യങ്ങൾ പഴയപടിയിലേക്ക് മടക്കിക്കൊണ്ടുവരാനാകുമെന്നും കുടുംബാഗങ്ങൾക്ക് ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കാവുന്ന സാഹചര്യം ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. എന്നാൽ ഇത് അതിരുകടന്ന വ്യാമോഹമാകുമെന്നാണ് സർക്കാരിന്റെ സയന്റിഫിക് അഡ്വൈസറുടെ പ്രതികരണം. മാഞ്ചസ്റ്ററും യോർക്ക്ഷെയറും ലിവർപൂളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങിയ സാചര്യത്തിലാണ് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാനവുമായി പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയത്. കുടുംബാംഗങ്ങൾ ഒത്തുചേർന്നുള്ള ക്രിസ്മസ് ആഘോഷം ബ്രിട്ടീഷ് ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇത് സാധ്യമായേക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതീക്ഷയെ പക്ഷേ, തള്ളിക്കളയുന്നത് സർക്കാരിന്റെ സയന്റിഫിക് അഡ്വൈസർമാർ തന്നെ എന്നതാണ് രസകരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല