1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവും കൂടുതൽ കണക്കാണിത്.

പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചു. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്. കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസർകോട് 7, തൃശ്ശൂർ 6, മലപ്പുറം – വയനാട് – തിരുവനന്തപുരം 5, കണ്ണൂർ, ആലപ്പുഴ – 4, ഇടുക്കി 1 – അങ്ങനെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കൊവിഡ് കേസുണ്ട്.

ഇന്ന് 4217 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ കേരളത്തിൽ 3039 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേർ നിലവിൽ ചികിത്സയിലുണ്ട്. 139402 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2036 പേർ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 37,137 സാംപിളുകൾ ശേഖരിച്ചു 37,012 എണ്ണം ഇതിൽ നെഗറ്റീവാണ്. 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.

ഇന്നലെയും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 118 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർക്കാണ് സമ്പർക്കം വഴി രോഗബാധയുണ്ടായത്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

മെയ് നാല് മുതൽ ചെക്ക് പോസ്റ്റ് വഴിയും ഏഴ് മുതൽ വിമാനം വഴിയും പത്താം തീയതി മുതൽ കപ്പൽ വഴിയും പതിനാലാം തീയതി മുതൽ ട്രെയിൻ വഴിയും ആളുകൾ കേരളത്തിലേക്ക് വന്നു തുടങ്ങി. മെയ് നാല് മുതൽ ജൂണ് 19 വരെയുള്ള 2413കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഇതിൽ 2165 പേരും കേരളത്തിന് പുറത്തും നിന്നും വന്നവരാണ്. 1,32,569 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 39683 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. 23695 പേർ ദ്വിതീയ സമ്പർക്കപ്പട്ടികയിലാണ്. മെയ് ഒന്നു മുതൽ 463 വിമാനങ്ങളും 3 കപ്പലുകളും ആളുകളുമായി എത്തി. 223 വിമാനങ്ങൾ ചാർട്ടേഡ് ആണ്. വന്ദേഭാരത് മിഷൻ വഴി 176 വിമാനങ്ങൾ വന്നു.

സംസ്ഥാനത്തിന് പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേർ കേരളത്തിലേക്ക് വന്നു. ഇതുവരെ സമ്മതപത്രം വഴി 1048 വിമാനങ്ങൾക്ക് അനുമതി നൽകി. യുഎഇ – 154 – 28114, കുവൈത്ത് 60- 10439, ഒമാൻ – 50 -8707, ഖത്തർ – 36 -6005, ബഹറിൻ – 26 -4309, സൌദി – 34- 7193 എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്ന വിമാനങ്ങളുടേയും യാത്രക്കാരുടേയും കണക്ക്. മറ്റു രാജ്യങ്ങളിൽ നിന്നായി 44 വിമാനങ്ങളിലായി 7184 പേർ എത്തി. ആകെ വന്ന 71958 പേരിൽ 1524 മുതിർന്ന പൌരൻമാരും 4298 ഗർഭിണികളും 7123 കുട്ടികളും ഉൾപ്പെടും. ഇതിൽ 35127 പേർ തൊഴിൽ നഷ്ടമായി വന്നവരാണ്.

തിരുവനന്തപുരത്ത് കൊവിഡ് ബാധ വർധിക്കുകയാണ്. ഇതിനാൽ സാമൂഹിക അകലം പാലിക്കുന്നതടക്കം കർശനമായ പ്രതിരോധ മാർഗ്ഗം സ്വീകരിക്കണം. മാർക്കറ്റുകളിലും ബസ് സ്റ്റാൻഡുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും. സംസ്ഥാനങ്ങളുടെ മറ്റു ഭാഗങ്ങളിലും സാമൂഹിക അകലം പൊതുജനങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദേശിച്ചു. ചില കടകളിൽ തിരക്കേറിയത് മൂലം സാമൂഹിക അകലം പാലിക്കാത്ത അവസ്ഥയുണ്ട്. സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. മാസ്ക് ധരിക്കാത്ത 4929 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്്തു. ക്വാറൻ്റൈൻ ലംഘിച്ച 19 പേർക്കെതിരെ കേസെടുത്തു.

സംസ്ഥാനത്ത് ഇന്നലത്തെ കണക്കുകൾ കൂടി കണക്കിലെടുത്താൽ അഞ്ച് തവണയാണ് നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം അഞ്ചിന് 111-ഉം ആറിന് 108-ഉം ഏഴിന് 107 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.

തലസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകൾ കൂടുന്നത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കൊവിഡ് ബാധ പടരാൻ സാധ്യതയുള്ള ചന്തകളും കടകളും അടയ്ക്കാനാണ് തീരുമാനം.

പ്രതിപക്ഷത്തിന് രൂക്ഷ വിമർശനം

കൊവിഡ് വ്യാപനം സാമൂഹികവ്യാപനം എന്ന തലത്തിലേക്ക് ഏതു നിമിഷവും നീങ്ങാം. അതിനെ തടയാനിവിടെ ഒരു സിസ്റ്റമുണ്ട്. ആ സിസ്റ്റത്തെ നയിക്കുന്ന ആരോ​ഗ്യമന്ത്രിയെ ആക്രമിച്ച് മൊത്തം കൊവിഡ് പ്രതിരോധപ്രവർത്തനവും താളം തെറ്റിക്കാം എന്നാണ് പ്രതിപക്ഷം കരുതുന്നുവെങ്കിൽ അതുവേണ്ട. ജനങ്ങളുടെ ആരോ​ഗ്യവും സുരക്ഷയും വച്ചു കളിക്കേണ്ട. നാടിൻ്റേയും നാട്ടുകാരുടേയും താത്പര്യങ്ങളെ ബലി കൊടുക്കുന്ന നിലപാടാണ് അവ‍ർ എടുത്തത്. അവരുടെ നി‍ർദേശങ്ങളെല്ലാം അബദ്ധജടിലമായിരുന്നു. രാഷ്ട്രീയമായ സ്വാ‍ർത്ഥ നേട്ടങ്ങൾക്കായി പ്രതിപക്ഷം മഹാദുരന്തത്തെ പോലും ഉപയോ​ഗിക്കുകയാണ്. ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ തുടർച്ചയായി തുറന്നു കാട്ടപ്പെട്ടതിൻ്റെ ജാള്യതയാണ് അവർക്ക്. ഈ പ്രതിപക്ഷം കേരളത്തിന്അർഹതപ്പെട്ട എന്തെങ്കിലും ഒരു സഹായം കിട്ടാൻ ഇവർ ഒരു പ്രസ്താവനയെങ്കിലും ഇറക്കിയോ?

ഇന്നും ക്രെഡിറ്റ്… ക്രെഡിറ്റ് എന്നു പറയുന്ന കേട്ടു. ക്രെഡിറ്റ് ആർക്ക് കിട്ടും എന്ന ആശങ്കയാണ് പ്രതിപക്ഷത്തെ അലട്ടുന്നത്. നിപയായാലും കൊവിഡായാലും പ്രതിരോ​ധത്തിൻ്റെ മൊത്തം ക്രെഡിറ്റും ഇവിടുത്തെ ജനങ്ങൾക്കും ഈ നാടിനുമാണ്. എല്ലാം ജനം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്. അവർ തീരുമാനിക്കട്ടെ.

നാളെ അന്താരാഷ്ട്ര യോ​ഗദിനമാണ്. യോ​ഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല. മനസിലും വ്യായാമം കിട്ടുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണ്. നേരത്തെ പറഞ്ഞവർ ഇതൊക്കെ അഭ്യസിക്കേണ്ട എന്നാവും നിങ്ങൾ (മാധ്യമപ്രവർത്തകർ) കരുതുന്നത്. മെയ്യ് വഴക്കം കൂട്ടാനും ശാരീരിക അഭ്യാസം കൂട്ടാനും യോ​ഗം നല്ലതാണ്. വല്ലാതെ മാനസികാസ്വസ്ഥ്യം അനുഭവപ്പെടുന്നവർ യോ​ഗ അഭ്യസിക്കുന്നത് വളരെ നല്ലതാണ് എന്നു മാത്രമേ ഇപ്പോൾ പറയാനുള്ളൂ…”

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.