സ്വന്തം ലേഖകൻ: കൊവിഡിന്റെ അലയൊലികളിൽ ജോലി നഷ്ടപ്പെട്ടും വീസ കാലാവധി കഴിഞ്ഞും മറ്റും യുഎഇയിൽനിന്ന് മടങ്ങിയ 4.3 ലക്ഷം ഇന്ത്യക്കാരിൽ 60,000 പേർ തിരിച്ചെത്തി. അനുമതി ലഭിച്ചിട്ടും ഇന്ത്യയിലെ ലോക്ഡൗൺ മൂലം തിരിച്ചുവരാൻ സാധിക്കാത്തവരുമുണ്ട്. ഇവർ വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ.കൺസ്ട്രക്‌ഷൻ, റീട്ടെയ്ൽ സെക്ടർ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും എത്തിയത്.
കൊവിഡ് നിയന്ത്രണങ്ങളിൽ യുഎഇ ഇളവു വരുത്തിയതോടെ പ്രവർത്തനം വീണ്ടെടുത്ത കമ്പനികളാണ് തിരിച്ചു വിളിക്കുന്നത്. 1000–2000 പേർ വരെ ജോലി ചെയ്തിരുന്ന കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടവരെയും തിരിച്ചു വിളിച്ചു തുടങ്ങി. വർഷങ്ങളുടെ തൊഴിൽ പരിചയമാണ് ഇവരെ തിരിച്ചുവിളിക്കാൻ പ്രേരിപ്പിച്ചത്. ഇതോടൊപ്പം വെട്ടിക്കുറച്ച ശമ്പളവും ഭൂരിഭാഗം കമ്പനികളും പുനഃസ്ഥാപിച്ചു തുടങ്ങി.
പുതിയ റിക്രൂട്ട്മെന്റും നേരിയ തോതിൽ പുനരാരംഭിച്ചു. ഒഴിപ്പിക്കൽ വിമാനങ്ങളിൽ 80,000 പാക്കിസ്ഥാനികളും 40,000 ഫിലിപ്പീൻസുകാരും 20,000 ബംഗ്ലദേശികളും യുഎഇ വിട്ടിരുന്നു. എന്നാൽ 34 ലക്ഷത്തോളം വരുന്ന യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരാണ് തിരിച്ചുപോയവരിലും കൂടുതൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല