
സ്വന്തം ലേഖകൻ: സൗജന്യ പിസിആർ ടെസ്റ്റിനു നിയന്ത്രണം ഏർപ്പെടുത്തി അബുദാബി. സൗജന്യ പിസിആർ ടെസ്റ്റ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കു മാത്രമേ വീണ്ടും സൗജന്യ പരിശോധന നടത്താനാവൂ. യുഎഇയിൽ കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ ഗ്രീൻ പാസ് കാലാവധി 30ൽ നിന്ന് 14 ദിവസമാക്കി കുറച്ചിരുന്നു.
ഇതോടെ പിസിആറിന് വരുന്നവരുടെ എണ്ണവും ഇരട്ടിയിലേറെയായി. സൗജന്യ ടെന്റുകളിൽ മാത്രം ദിവസവും 40,000 പേരാണ് എത്തുന്നത്. വാക്സീൻ എടുത്തവർക്ക് ഒരു തവണ പിസിആർ നടത്തി ഫലം നെഗറ്റീവായാൽ അൽഹൊസൻ ആപ്പിൽ 14 ദിവസത്തേയ്ക്കും വാക്സീൻ എടുക്കാത്തവർക്കും സന്ദർശകർക്കും 7 ദിവസത്തേയ്ക്കുമാണ് ഗ്രീൻ പാസ് ലഭിക്കുക. നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തിയാലേ ഗ്രീൻപാസ് നിലനിൽക്കൂ.
യുഎഇയിൽ സർക്കാർ ഓഫിസുകളിലേക്കും അബുദാബിയിൽ പൊതുസ്ഥലങ്ങളിലേക്കുമുള്ള പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാണ്. അബുദാബിയിൽ 7 സൗജന്യ പിസിആർ കേന്ദ്രങ്ങളുണ്ട്. ഇതിൽ രണ്ടെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നു. കൂടാതെ പണം കൊടുത്ത് പിസിആർ ടെസ്റ്റ് സൗകര്യം എല്ലാ ക്ലിനിക്കുകളിലുമുണ്ട്.
മുസഫയിലെ സെന്റ് പോൾസ് ചർച്ചിനു സമീപവും നിസാൻ ഷോറൂമിനു സമീപവുമുള്ള 2 ടെന്റുകളിൽ മാത്രമാണ് 24 മണിക്കൂറും പിസിആർ പരിശോധനയുള്ളത്. മഫ്റഖ്, ഹമീം എന്നിവിടങ്ങളിലെ ടെന്റുകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയും മറ്റു കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 12 വരെയും പരിശോധന നടത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല