
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരി ലോകമെമ്പാടും അതിതീവ്രം വ്യാപിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ അടുത്ത വർഷത്തോടെ ഈ സ്ഥിതിയിൽ മാറ്റം വരുമെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ്.
അടുത്ത വർഷത്തോടെ കോവിഡ് മഹാമാരി ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ അല്ലെന്ന് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആരോഗ്യ അടിയന്തിരാവസ്ഥ അവസാനിപ്പിക്കുന്നത് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് അടുത്തമാസം ചേരുന്ന കോവിഡ് 19 എമർജൻസി കമ്മിറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡിനു കാരണക്കാരനായ SARS-CoV-2 വൈറസ് അത്രയെളുപ്പം ഇവിടം വിട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മഹാമാരികളെയും രോഗവ്യാപനങ്ങളെയും തിരിച്ചറിയാനും പ്രതിരോധിക്കാനും നേരിടാനും എല്ലാരാജ്യങ്ങളിലെയും ആരോഗ്യസംവിധാനങ്ങൾ കൂടുതൽ ശക്തമാകണമെന്നാണ് കോവിഡ് മഹാമാരിക്കാലം പഠിപ്പിച്ച പ്രധാന പാഠമെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം പലയിടങ്ങളിലും ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തടയാനുള്ള നടപടികളും രാജ്യങ്ങൾ കൈക്കൊള്ളണമെന്ന് ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറയുന്നു.
എന്നാൽ SARS-CoV-2 ഭാവിയിൽ എപ്രകാരമായിരിക്കും പരിണമിക്കുക എന്ന് ലോകത്തിന് ഇപ്പോഴും അറിയില്ലെന്നും അത്തരം അനിശ്ചിതാവസ്ഥകൾ അപകടസാധ്യത വർധിപ്പിക്കുമെന്നും ലോകാരോഗ്യസംഘടനയുടെ ആരോഗ്യ അടിയന്തിരാവസ്ഥ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക് റയാൻ പറഞ്ഞു.
അതേസമയം ചൈന, ബ്രിട്ടൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങളിലും ഇപ്പോഴും കോവിഡ് നിരക്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒമിക്രോണിന്റെ വ്യാപനശേഷിയാണ് പുതിയ രോഗികൾ ഉയരുന്നതിന് പിന്നിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല