സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കണക്കിലെടുത്ത് കുവൈത്തും ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നേരത്തെ തന്നെ കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആരോഗ്യ ജീവനക്കാർക്കും നയതന്ത്ര ജീവനക്കാർക്കും ഇതിൽ ഇളവുണ്ടായിരുന്നു.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽനിന്ന് നേരിേട്ടാ അല്ലാതെയോ കുവൈത്തിലേക്ക് വരുന്നവർ രണ്ടാഴ്ച മറ്റൊരു രാജ്യത്ത് ക്വാറൻറീൻ ചെയ്യേണ്ടി വരും. കുവൈത്തികൾക്കും അവരുടെ നേരിട്ടുള്ള ബന്ധുക്കൾക്കും (ഭർത്താവ്/ഭാര്യ/മക്കൾ) അവരുടെ ഗാർഹികത്തൊഴിലാളികൾക്കും വിലക്ക് ബാധകമല്ല. ചരക്കു വിമാനങ്ങൾക്കും സർവീസ് നടത്താം.
അതിനിടെ കുവൈത്തിൽ ജൂലൈയിൽ വിമാന സർവിസ് സാധാരണ നിലയിലാകുമെന്ന് റിപ്പോർട്ട്. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ അടുത്ത രണ്ടുമാസത്തിനകം ഗണ്യമായ പുരോഗതി കൈവരിക്കാനാകുമെന്നും ഇത് വൈറസ്വ്യാപനം നിയന്ത്രിക്കുമെന്നുമാണ് വിലയിരുത്തൽ.
അതോടെ വിമാനത്താവള പ്രവർത്തനം സാധാരണ നിലയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇത് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ കൈവരിക്കുന്ന പുരോഗതിയെ അടിസ്ഥാനമാക്കിയാകും. ഇപ്പോൾ കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
അവധിക്ക് നാട്ടിൽപോയി കുടുങ്ങിയ ആയിരങ്ങളാണുള്ളത്. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിൽ എത്തേണ്ടതുള്ളവരാണ് ഇവരിലേറെയും. കർഫ്യൂ പ്രാബല്യത്തിലുണ്ടായിട്ടും കുവൈത്തിലും കോവിഡ് കേസുകൾ കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല