1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2022

സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് പിടിച്ചു നിന്ന ടെക് ലോകത്ത് സാമ്പത്തിക ക്രമീകരണങ്ങളെ തുടർന്ന് 2022ൽ നിരവധി പേർക്ക് ജോലി നഷ്ടം. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ 12,000 ജീവനക്കാരടക്കമുള്ളവർക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഒല, ബ്ലിങ്കിറ്റ്, ബൈജൂസ്(വൈറ്റ് ഹാറ്റ് ജൂനിയർ, ടോപ്പർ), അൺഅക്കാദമി, വേദാന്താ, കാർസ്24, മൊബൈൽ പ്രീമിയർ ലീഗ് (എംപിഎൽ), ലിഡോ ലേണിങ്, എംഫൈ, ഫാർഐ, ഫുർലാൻകോ എന്നീ സ്റ്റാർട്ടപ്പുകളിലെ ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഇതടക്കം ആഗോള തലത്തിൽ 22000 ജോലിക്കാർക്ക് തൊഴിലില്ലാതാകും.

പുനർക്രമീകരണവും ചെലവ് മാനേജ്‌മെന്റും ചൂണ്ടിക്കാട്ടി 50,000ത്തിലേറെ ജോലിക്കാരെ ഈ വർഷം കമ്പനികൾ ഒഴിവാക്കുമെന്നാണ്‌ വിദഗ്ധർ പറയുന്നത്. ചില സ്റ്റാർട്ടപ്പുകൾക്ക് ദശലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുമ്പോഴാണ് ഇത്തരം തീരുമാനം സ്വീകരിക്കുന്നത്. സാമ്പത്തികമായി നിറംമങ്ങിയ സാഹചര്യത്തിൽ ഫണ്ട് സ്വരൂപിക്കാനാകില്ലെന്നാണ് കമ്പനികൾ പറയുന്നത്.

ആഗോള തലത്തിൽ നെറ്റ്ഫ്‌ളിക്‌സ്, ഫിനാൻഷ്യൽ സർവീസ് കമ്പനി റോബിൻഹുഡ് എന്നിവയും പല ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. കോയിൻ ബൈസ്, ജെമിനി, ക്രിപ്‌റ്റോ.കോം, വൗൽഡ്, ബൈബിറ്റ്, ബിറ്റ്പാണ്ട എന്നിവയൊക്കെ ജീവനക്കാരെ കുറച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പോക്മാൻ ഗോ ഗൈയിം ഡെവലപ്പറായ നൈനാറ്റിക് എട്ടു ശതമാനം അഥവാ 85-90 ജീവനക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇലോൺ മസ്‌കിന്റെ ടെസ്‌ലയിലും പിരിച്ചുവിടലുണ്ടായി. 10 ശതമാനം ജോലിക്കാരെയാണ് ഒഴിവാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.