![](https://www.nrimalayalee.com/wp-content/uploads/2021/08/Covid-Lockdown-Zerodha-Bonus-Lucky-Draw-.jpg)
സ്വന്തം ലേഖകൻ: നീണ്ട ജോലി സമയം. കോവിഡ് വ്യാപനം വന്നതോടെ തുടര്‍ച്ചയായ വർക്ക് ഫ്രം ഹോമും. ഇതിനിടയിൽ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും അവരെ സന്തോഷിപ്പിക്കാനും പുതിയ ഇടപെടലുമായി എത്തിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ സെറോദ. സെറോദ ബ്രോക്കിംഗ് ലിമിറ്റഡ് ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി രസകരമാണ്.
കോവിഡ് മൂലം വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ ആളുകളുടെ ശാരീരിക പ്രവർത്തനങ്ങൾ കുറഞ്ഞു, മിക്കവരും ഒരേ ഇരുപ്പിൽ മണിക്കൂറുകൾ ജോലി ചെയ്യുകയാണ്. ഇത് മിക്കവരുടെയും മാനസിക- ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്നം പരിഗണിച്ചുകൊണ്ട്, സെറോദ ജീവനക്കാര്‍ ആരോഗ്യമായി ഇരിക്കാനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
സെറോദ സ്ഥാപകനും സിഇഒയുമായ നിഥിൻ കാമത്ത് ആണ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്, ഇത് പ്രകാരം ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നൽകും. കൂടാതെ 10 ലക്ഷം രൂപയുടെ ഒരു ലോട്ടറിയും. നറുക്കെടുപ്പിൽ വിജയി ആകുന്നയാൾക്ക് ഈ തുക ലഭിക്കും.
ആദ്യത്തെ ലോക്ക്ഡൗണിനുശേഷം, ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാത്തതു കൊണ്ടും ജോലിയും-ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റാതെ വരുന്നതു കൊണ്ടും, ഭക്ഷണക്രമം തെറ്റുന്നതു കൊണ്ടും ഒക്കെ കമ്പനിയുടെ ടീം അംഗങ്ങളിലും അനാരോഗ്യം കണ്ടെത്തിയതാണ് നടപടിക്ക് പിന്നിൽ.
ജീവനക്കാരുടെ ആരോഗ്യം നിലനിര്‍ത്തുന്ന ലക്ഷ്യമിട്ടുള്ള പദ്ധതി ആയതിനാൽ ടീം അംഗങ്ങൾ എല്ലാവരും എല്ലാവരും 12 മാസത്തെ ഒരു ഗോൾ സെറ്റ് ചെയ്യണം. ഇത് ആരോഗ്യകരമായ ലക്ഷ്യം മുൻനിര്‍ത്തിയുള്ളത് മാത്രമാണ്. ജോലിയുമായി ബന്ധമൊന്നുമില്ല. ഗോൾ സെറ്റ് ചെയ്തിട്ട് മറന്നാൽ പോര ഓരോ മാസവും പുരോഗതി അപ്‌ഡേറ്റ് ചെയ്യണം. ഈ ലക്ഷ്യം നേടുന്ന എല്ലാ ജീവനക്കാർക്കും ബോണസായി ഒരു മാസത്തെ ശമ്പളം ലഭിക്കും. ഭാഗ്യശാലിക്ക് 10 ലക്ഷം രൂപയും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല