സ്വന്തം ലേഖകൻ: കോവിഡിന്റെ ഏറ്റവും പുതിയ ഉപവകഭേദം ‘ജെഎൻ.1’ കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ. ഇതിനു പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്.
ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ സാഹചര്യത്തിൽ കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തി. വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നിർദേശം.
പുതിയ വകഭേദം ആദ്യം യുഎസിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചൈനയിലുൾപ്പെടെ വ്യാപകമാവുകയും ചെയ്തു. ഈ വകഭേദത്തിന്റെ സ്വഭാവത്തെയും വ്യാപനശേഷിയെയും കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഇതിനെതിരായ വാക്സീൻ നിർമിക്കാനുള്ള പഠനവും നടക്കുന്നുണ്ട്.
അതേസമയം, പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി. ഐസിഎംആറിനു കീഴിലെ ലാബുകളുടെ കൺസോർഷ്യമായ ‘ഇൻസകോഗ്’ കോവിഡ് പോസിറ്റീവ് സാംപിളുകളിൽ നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ജെഎൻ.1 സ്ഥിരീകരിച്ചത്.
ആശുപത്രികളുടെ തയാറെടുപ്പും മറ്റും പരിശോധിക്കുന്നതിനുള്ള മോക്ക് ഡ്രിൽ കേരളത്തിൽ നടക്കുന്നുണ്ടെന്നും ഇത് 18നു പൂർത്തിയാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ നിലവിൽ 1324 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. ഇക്കാര്യത്തിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. ഏറ്റവുമധികം പരിശോധന നടക്കുന്നതും കേരളത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല