സ്വന്തം ലേഖകൻ: ഗോളതലത്തിൽ ആശങ്കജനിപ്പിക്കുന്ന റിപ്പോർട്ടാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുന്നു. നിരവധി കാരണങ്ങളാണ് നഴ്‌സുമാരുടെ കുറവിന് കാരണമായി റോയിട്ടേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്. ജീവന് ഭീഷണിയാകുന്നു എന്ന കാരണത്താൽ പല നഴ്‌സുമാരും ജോലി നിർത്തിപ്പോകുന്നു എന്നുള്ളതാണ് അതിൽ പ്രധാനം.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20 മുതൽ 30 ശതമാനം നഴ്‌സുമാർ ഇത്തരത്തിൽ ജോലി ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷ്ണൽ കൗൺസിൽ ഓഫ് നഴ്സസിന്റെ സി.ഇ.ഒ ആയ ഹോവാർഡ് കാറ്റൺ പറയുന്നത്. ഏകദേശം 130 ഓളം നഴ്‌സസ് അസോസിയേഷനുകളും 27 ദശലക്ഷം നഴ്സുമാരും അടങ്ങുന്നതാണ് ഈ ഗ്രൂപ്പ്. ആഗോളതലത്തിൽ 6 ദശലക്ഷം നഴ്സുമാരുടെ ക്ഷാമം ഇതിനകം തന്നെ ഉണ്ടായിട്ടുണ്ടെന്നും ഏകദേശം 4.75 ദശലക്ഷം നഴ്സുമാർ അടുത്ത കുറച്ച് വർഷങ്ങളിൽ വിരമിക്കാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ബാധിച്ച് കുറഞ്ഞത് 115,000 നഴ്സുമാരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഇക്കഴിഞ്ഞ മെയ് മാസം വരെയുള്ളയുടെ ഈ കണക്ക് തെറ്റാണെന്നും യഥാർത്ഥ കണക്കുകൾ ഇതിന്റെ ഇരട്ടിയാണെന്നും കാറ്റൺ പറഞ്ഞു.
മാത്രമല്ല കോവിഡ് വന്നതിന് ശേഷം നിരവധി പ്രശ്‌നങ്ങളാണ് നഴ്‌സിംഗ് മേഖലയിലെ ജീവനക്കാരെ ബാധിച്ചിരുന്നത്. മാനസിക സമ്മർദ്ദം, ആരോഗ്യ – സുരക്ഷാ പ്രശ്നങ്ങൾ, വിഷാദം, ജോലിയുമായി ബന്ധപ്പെട്ട പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് ഇക്കൂട്ടർക്ക് വില്ലനായിരിക്കുന്നത്. ഇക്കാരണങ്ങളാൽ പലരും ആത്മഹത്യക്ക് പോലും ശ്രമിച്ചിരുന്നു.
ദരിദ്ര രാജ്യങ്ങളിൽ നഴ്‌സുമാരുടെ കുറവ് അനുഭവപ്പെടാൻ കാരണം പാശ്ചാത്യ രാജ്യങ്ങളാണ്. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മറ്റ് ദരിദ്ര രാജ്യങ്ങളിൽ നിന്നുമുള്ള ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഇത് സ്വന്തം രാജ്യങ്ങളിലെ നഴ്‌സുമാരുട എണ്ണത്തിൽ വലിയ കുറവാണ് സൃഷ്ടിക്കുന്നതെന്ന് ഇന്റർനാഷ്ണൽ കൗൺസിൽ ഓഫ് നഴ്സസ് പറയുന്നു. നിവിൽ ദരിദ്ര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സമ്പന്ന രാജ്യങ്ങളിലെ നഴ്സുമാരുടെ നിരക്ക് ശരാശരി 10 മടങ്ങ് കൂടുതലാണ്.
വാക്‌സിൻ സ്വീകരിക്കാത്ത കോവിഡ് രോഗികളെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുകളും നഴ്‌സുമാരെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയിരുന്നെന്ന് യുഎസിന്റെ അസോസിയേഷൻ ഓഫ് ക്രിട്ടിക്കൽ – കെയർ നഴ്സസ് സർവേ പറയുന്നു.
“ഇത്രയും അപകടകരമായ സാഹചര്യമായിരുന്നിട്ടുപോലും വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ നഴ്‌സുമാർക്ക് വേണ്ട പരിഗണന നൽകിയിരുന്നില്ല. അടുത്ത വർഷമെങ്കിലും നഴ്സുമാർക്കും ആരോഗ്യ പരിപാലന തൊഴിലാളികൾക്കും ലൈഫ് സപ്പോർട്ട് പാക്കേജുകൾ ഉറപ്പാക്കണം. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണം,“ ഹോവാർഡ് കാറ്റൺ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല