സ്വന്തം ലേഖകൻ: ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ് രോഗിയെ കണ്ടെത്തിയത് 2019 നവംബർ 17ന് ആയിരുന്നു. പിന്നീട് കോവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ ലോകത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി മാറി.
കൊറോണ വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരാനുള്ള സാധ്യതയില്ലെന്നും വായുവിലൂടെ പകരില്ലെന്നുമായിരുന്നു ആദ്യ ധാരണ. ലോകാരോഗ്യ സംഘടനയ്ക്കു തന്നെ ഇവ തിരുത്തേണ്ടി വന്നു. ഇങ്ങനെ തിരുത്തലുകളും കണ്ടെത്തലുകളും ഞൊടിയിടയിൽ വികസിപ്പിച്ച വാക്സീനുകളുമെല്ലാം ചേർന്നു ലോകം മാറിമറിഞ്ഞ രണ്ടു വർഷമാണു കടന്നുപോകുന്നത്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നേരിയ തോതിൽ വർധിക്കുകയാണ്. വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം നവംബർ 16ന് 4,86,774 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7161 പേർ മരിക്കുകയും 4,35,062പേർ രോഗമുക്തി നേടുകയും ചെയ്തു.
ഒക്ടോബർ 11ന് ആകെ റിപ്പോർട്ട് ചെയ്ത രോഗികൾ 3.31 ലക്ഷം എന്ന കുറഞ്ഞ നിലയിലേക്ക് താഴ്ന്നിരുന്നു. ഇതിന് ശേഷം നേരിയ തോതിൽ രോഗികളുടെ എണ്ണം വർധിക്കുന്നതായാണ് കാണുന്നത്. യു.എസിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ. 87,133 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1282 പേർ മരിക്കുകയും ചെയ്തു.
യൂറോപ്യൻ രാജ്യങ്ങളിൽ ഒരിടവേളക്ക് ശേഷം രോഗികൾ വർധിക്കുകയാണ്. യു.കെയിൽ 37,243 പേർക്കും ജർമനിയിൽ 39,985 പേർക്കും ഹോളണ്ടിൽ 20,168 പേർക്കും തുർക്കിയിൽ 25,101 പേർക്കും ഫ്രാൻസിൽ 19,778 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
റഷ്യയിൽ 36,818 പേർക്കാണ് പുതുതായി രോഗം. കിഴക്കനേഷ്യൻ രാജ്യങ്ങളിലും രോഗികൾ വർധിക്കുകയാണ്. വിയറ്റ്നാമിൽ 10,250, മലേഷ്യയിൽ 5413, തായ്ലൻഡിൽ 5947 എന്നിങ്ങനെയാണ് പുതിയ രോഗികൾ. ലോകത്താകമാനം 25.5 കോടി ജനങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. 51.29 ലക്ഷം പേർ മരിക്കുകയും ചെയ്തു. 1.93 കോടി പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല