![](https://www.nrimalayalee.com/wp-content/uploads/2022/01/Kuwait-Covid-Regulations-50-Attendance.jpg)
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തേണ്ട സമയമായെന്നും എന്നാല്‍ പൂര്‍ണ ജാഗ്രതയോടെ മാത്രമേ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പാടുള്ളുവെന്നും മന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് അറിയിച്ചു. നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ചും വൈറസ് ബാധിതരായ ആളുകളുടെ സങ്കീര്‍ണതകള്‍ ലഘൂകരിക്കുന്നതിലെയും ആരോഗ്യ സംവിധാനം സന്തുലിതമായി നിലനിറുത്തുന്നതിലെയും വാക്‌സിന്റെ പങ്കിനേയും മന്ത്രി എടുത്തു പറഞ്ഞു. പഠനങ്ങളുടേയും സ്ഥിതിവിവരക്കണക്കുകളുടേയും പിന്തുണയോടെയാണ് വാക്‌സിന്റെ പ്രാധാന്യത്തെ വിശദീകരിച്ചത്.
എല്ലാവരുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രം എല്ലാ കോവിഡ് നിയമങ്ങളും ആവശ്യാനുസരണം ഭേദഗതി ചെയ്യാവുന്നതാണെന്നും അല്‍ സയീദ് വിശദീകരിച്ചു. അല്‍ സയീദിന്റെ പ്രതികരണങ്ങളെ പാര്‍ലമെന്റ് പ്രതിനിധികളൊന്നടങ്കം സ്വാഗതം ചെയ്തു. കോവിഡ് പാന്‍ഡെമിക് പാര്‍ലമെന്റിനുള്ളില്‍ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കില്ലെന്നും അംഗങ്ങള്‍ എടുത്തുപറഞ്ഞു.
അതേസമയം, ആളുകളുടെ ഹോം ക്വാറന്റൈന്‍ ഒഴിവാക്കുന്നതിനായി മന്ത്രാലയം ദ്രുതപരിശോധനാ നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു.
വാക്‌സിന്‍ സ്വീകരിച്ച് എന്തെങ്കിലും ആരോഗ്യ പ്രയാസങ്ങളുള്ളവരില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഒരു ന്യൂട്രല്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുക, വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ മേലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുക, രണ്ടാമത്തെ ഡോസ് എടുത്ത വ്യക്തിയെ പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി പരിഗണിക്കുക, കുവൈത്തിലേക്ക് മടങ്ങുന്ന പൗരന്മാര്‍ക്ക് മുന്‍കൂര്‍ പിസിആര്‍ ഒഴിവാക്കുക, 2020 ജനുവരി 1 മുതല്‍ ഇതുവരെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ മുഴുവന്‍ നടപടികളും അന്വേഷിക്കാന്‍ പാര്‍ലമെന്ററി അന്വേഷണ സമിതി രൂപീകരിക്കുക തുടങ്ങിയ ശുപാര്‍ശകളും പാര്‍ലമെന്ററി യോഗത്തില്‍ അവതരിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല