സ്വന്തം ലേഖകന്‍: തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷം, അണികളെ ബോധവല്‍ക്കരിക്കുമെന്ന് സമാധാന യോഗത്തിനു ശേഷം നേതാക്കള്‍, യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്ന് ശകാരിച്ച് മുഖ്യമന്ത്രി. തലസ്ഥാനത്ത് ഉണ്ടായതുപോലെ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമാധാന ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു
അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നേതാക്കള്‍ ഉറപ്പു നല്‍കി. ഇരു കൂട്ടരും അണികളില്‍ അതിനു വേണ്ട ബോധവത്കരണം നടത്തും. പാര്‍ട്ടി ഓഫീസുകളോ സംഘടന ഓഫീസുകളോ വീടുകളോ ആക്രമിക്കാന്‍ പാടില്ലെന്നത് നേരത്തെയുള്ള തീരുമാനമാണ്. കണ്ണൂരില്‍ സര്‍വ കക്ഷിയോഗം വിളിച്ചിരുന്നപ്പോള്‍ ഉണ്ടായ ഈ തീരുമാനത്തിനു വിരുദ്ധമായ സംഭവങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടായി.
അതില്‍ യോഗം അപലപിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനും തീരുമാനമായി. പ്രശ്‌നങ്ങളുണ്ടായ തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ മൂന്നിന് ഉഭയകക്ഷിയോഗം വിളിക്കാനും തിരുവനന്തപുരത്തെ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താനായി ആഗസ്ത് ആറിന് വൈകീട്ട് സര്‍വ കക്ഷിയോഗം വളിക്കാനും തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ സമാധാന ചര്‍ച്ച ചിത്രീകരിക്കാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ശകാരിച്ച് പുറത്തിറക്കിയ സംഭവത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല. മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചര്‍ച്ച പകര്‍ത്താനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് ‘കടക്കൂ പുറത്ത്’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇറക്കി വിട്ടത്. മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല.
മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങിയതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എം.എല്‍.എ, ആര്‍.എസ്.എസ് നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല