സ്വന്തം ലേഖകന്‍: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ വി.പി സാനു; പൊന്നാനിയില്‍ പി.വി അന്‍വര്‍: പാലക്കാട് എംബി രാജേഷിന് മൂന്നാമൂഴം; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് നിന്നും എസ്.എഫ്.ഐ ദേശീയ നേതാവ് വി.പി സാനു തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് എം.പി കുഞ്ഞാലിക്കുട്ടിയെ നേരിടും.
പൊന്നാനിയില്‍ ഇടതു സ്വതന്ത്രനായി പി.വി അന്‍വറാണ് മത്സരിക്കുന്നത്. ഇ.ടി മുഹമ്മദ് ബഷീറാണ് പൊന്നാനിയിലെ അന്‍വറിന്റെ എതിരാളി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എ.കെ.ജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ രണ്ടു സീറ്റുകളും മലപ്പുറത്തു നിന്നാണ്. മൂന്നാം സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും, നിയസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്ന ധാരണയില്‍ ഒത്തുതീര്‍പ്പായി എന്നാണ് സൂചന.
കാസര്‍കോട്: കെ.പി സതീഷ്ചന്ദ്രന്‍, കണ്ണൂര്‍: പി.കെ ശ്രീമതി, വടകര: പി.ജയരാജന്‍, കോഴിക്കോട്: എ.പ്രദീപ് കുമാര്‍, മലപ്പുറം: വി.പി സാനു, പൊന്നാനി: പി.വി അന്‍വര്‍, പാലക്കാട്: എം.ബി രാജേഷ്, ആലത്തൂര്‍: പി.കെ ബിജു, ചാലക്കുടി: ഇന്നസെന്റ്, എറണാകുളം: പി.രാജീവ്, ഇടുക്കി: ജോയ്‌സ് ജോര്‍ജ്, കോട്ടയം: വി.എന്‍ വാസവന്‍, പത്തനംതിട്ട: വീണ ജോര്‍ജ്, ആലപ്പുഴ: എ.എം ആരിഫ്, കൊല്ലം: കെ.എന്‍ ബാലഗോപാല്‍ ആറ്റിങ്ങല്‍: എ സമ്പത്ത് എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.
രണ്ട് വനിതകള്‍ മാത്രമാണ് ലിസ്റ്റില്‍ ഇടംനേടിയത്. പത്തനംതിട്ടയില്‍ വീണ ജോര്‍ജും, കണ്ണൂരില്‍ പി.കെ ശ്രീമതിയുമാണ് മത്സരക്കുന്നത്. ജയസാധ്യതയുള്ള സീറ്റിലാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കുന്നത് എന്നു പറഞ്ഞാണ് വനിതാ പ്രാതിനിത്യം കുറഞ്ഞതിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചത്. വീണാ ജോര്‍ജും, അന്‍വറും എല്‍.ഡി.എഫിന്റെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രരാണ്.
എ.എം ആരിഫ്, വീണ ജോര്‍ജ്, എ.പ്രദീപ് കുമാര്‍, പി.വി അന്‍വര്‍ എന്നിവര്‍ നിലവില്‍ എം.എല്‍.എമാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല