1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2024

സ്വന്തം ലേഖകൻ: എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ പ്രദേശത്ത് വ്യാപകത്തതൊയി ബോംബ് നിർമ്മാണം നടക്കുന്നുവെന്ന പ്രതികരണവുമായി യുവതി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസിയായ സീന എന്ന യുവതിയാണ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എരഞ്ഞോളിയിൽ സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ട്.

ഇവിടെയുള്ള ആളൊഴിഞ്ഞ പറമ്പുകളിലും വീടുകളിലും നിന്നും നേരത്തെയും ബോബുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ജീവനിൽ ഭയമുള്ളതുകൊണ്ടാണ് ആരു ഒന്നും തുറന്നുപറയാത്തതെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ ഷാഫി പറമ്പിൽ എംപി പ്രദേശത്ത് വന്നപ്പോൾ അദ്ദേഹത്തോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് യുവതി ആവർത്തിച്ചത്.

തന്റെ വീടിന് തൊട്ടടുത്തുള്ള പറമ്പിൽ നിന്ന് പോലും നേരത്തെയും ബോംബുകൾ കണ്ടെടുത്തിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി. ആ സമയത്തൊക്ക തന്നെ പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റുകയായിരുന്നു. ജീവനിൽ ഭയമുള്ളതുകൊണ്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നത്. ഇപ്പോൾ ഒരു മരണം കൂടി കണ്മുന്നിൽ കാണേണ്ടി വന്ന സാഹചര്യത്തിൽ സഹികെട്ടാണ് തുറന്നു പറയുന്നതെന്നും യുവതി പറഞ്ഞു.

ആളൊഴിഞ്ഞ പറമ്പുകളും വീടുകളുമെല്ലാം തന്നെ ബോംബ് നിർമ്മാണ സംഘങ്ങളുടെ ഹബ്ബുകളാണ്. ബോംബേറ് പേടിച്ചാണ് ആരും തന്നെ ഇവർക്കെതിരെ തുറന്ന് പറയാത്തത്. ജീവിക്കാൻ അനുവദിക്കണമെന്നാണ് തങ്ങൾക്ക് പാർട്ടിയോടുള്ള അപേക്ഷ. തങ്ങളുടെ കുഞ്ഞുങ്ങളടക്കം ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം ക്രിമിനൽ പ്രവർത്തനം നടത്തുന്നവരെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കണമെന്നും സീന പറഞ്ഞു.

അതേസമയം എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്നും ബോംബ് എങ്ങനെ വന്നെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. “സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനുള്ള ശ്രമം തടയും. എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണ്. കണ്ണൂരിൽ സമാധാനപരമായ അന്തരീക്ഷമാണ് ഉള്ളതെന്നും എല്ലാത്തിലും രാഷ്ട്രീയ കലർത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബിന്റെ തുടക്കമറിയാൻ ചരിത്രം പരിശോധിച്ചാൽ മതി,” മുഖ്യമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി.വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബോംബ് സ്ഫോടന വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. “ബോംബ് നിർമ്മാണത്തിന് എന്നാണ് സന്നദ്ധ പ്രവർത്തനമെന്ന് പേരിട്ടത്? സിപിഎം ഗ്രൂപ്പ് തർക്കത്തിൽ വരെ ഉപയോഗിക്കാനാണ് ബോംബ് നിർമ്മിക്കുന്നത്. ഏത് യുഗത്തിലാണ് നിങ്ങൾ ജീവിക്കുന്നത്,” വി.ഡി. സതീശൻ ചോദിച്ചു.

കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധൻ കഴിഞ്ഞ ദിവസമാണ് ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പറമ്പിലെത്തിയ വേലായുധൻ അവിടെ ശ്രദ്ധയിൽ പെട്ട വസ്തു എന്താണെന്ന് തുറന്ന് നോക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തറിച്ചത്. ഇതേ പറമ്പിലുള്ള ആൾതാമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് സമീപത്തുവെച്ചാണ് കിട്ടിയ വസ്തു വയോധികൻ തുറന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.