പ്രതിപക്ഷ എംഎല്‍എമാരായ ടിവി രാജേഷ്, ജെയിംസ് മാത്യു എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ട് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രതിപക്ഷത്തിന് കൈമാറി. പ്രതിപക്ഷം നിയമസഭ തളത്തിനുള്ളില്‍ ആരംഭിച്ച സത്യഗ്രഹം അവസാനിപ്പിച്ച് സഭയ്ക്ക് പുറത്തിറങ്ങി. തിങ്കളാഴ്ച സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചതുമുതല്‍ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ ഇരു എം.എല്‍.എമാരും നിയമസഭയില്‍ സത്യാഗ്രഹം ഇരിക്കുകയായിരുന്നു.
രാവിലെ പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് നിയമസഭയിലെ ചോദ്യോത്തരവേളയും ശൂന്യവേളയും സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷബഹളത്തിനിടെ ഇവ നടത്താനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. എട്ടരയോടെ നിയമസഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി. ഇതിനിടെയാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് സഭയില്‍ സത്യാഗ്രഹം നടത്തുന്ന കീഴ് വഴക്കമില്ലെന്ന് 2000 ല്‍ സ്പീക്കര്‍ വിജയകുമാര്‍ നടത്തിയ റൂളിങ് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സഭയെ വായിച്ചുകേള്‍പ്പിച്ചു. മന്ത്രി കെ.പി. മോഹനന്‍ സഭയില്‍ മേശപ്പുറത്ത് കൂടി ചാടിക്കടക്കാന്‍ ശ്രമിച്ചതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് നല്‍കിയതായും സ്പീക്കര്‍ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ മനപ്പൂര്‍വ്വല്ലായിരുന്നു സഭയിലെത്തിയതെന്നും വിഷമം പ്രകടിപ്പിച്ചുവെന്നും കാര്‍ത്തികേയന്‍ സഭയില്‍ പറഞ്ഞു.
സഭ തുടങ്ങുന്നതിനു മുമ്പ് തന്നെ നിയമസഭയില്‍ സത്യാഗ്രഹമിരിക്കുന്ന സസ്‌പെന്‍ഷനിലുള്ള എം.എല്‍.എമാരെ പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക് മാറ്റിയിരുന്നു. പ്രതിപക്ഷനേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചക്കുപിന്നാലെയാണ് ടി.വി. രാജേഷിനെയും ജെയിംസ് മാത്യുവിനെയും സഭയില്‍ നിന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക് മാറ്റാന്‍ തീരുമാനമായത്. സഭ ചേരുമ്പോള്‍ സസ്‌പെന്‍ഷനിലുള്ള എം.എല്‍.എമാര്‍ സഭയില്‍ ഇരിക്കുന്നതിന്റെ അനൗചിത്യം സ്പീക്കര്‍ നേതാക്കളെ അറിയിച്ചു. നിയസഭയിലെ പ്രതിസന്ധി തീര്‍ക്കാനായി സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല