1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2012

ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സിപിഎം നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരേ കടുത്ത നിലപാടുമായി തെരുവിലേക്ക്. പരല്‍ മീനുകള്‍ മാത്രമല്ല വമ്പന്‍ സ്രാവുകളും ഉടന്‍ പിടിയിലാകുമെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവനയെ മുന്നറിയിപ്പായി കണ്ട്
സര്‍വശക്തിയും സമാഹരിച്ച് ചെറുത്തുനില്‍ക്കാനാണ് സിപിഎം തീരുമാനിച്ചിരിയ്ക്കുന്നത്.

പാര്‍ട്ടി കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി സി. ബാബുവിനെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്‌പ്പെട്ട് വെള്ളിയാഴ്ച കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷനു മുന്‍പില്‍ എം.വി. ജയരാജന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം, പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ തുടക്കമായാണ് കരുതപ്പെടുന്നത്.

കേസന്വേഷണത്തോട് സഹകരിയ്ക്കുമെന്ന് പറയുമ്പോഴും യുഡിഎഫും ഒരു പറ്റം മാധ്യമങ്ങളും മെനഞ്ഞ തിരക്കഥയ്ക്ക് അനുസരിച്ചാണു പൊലീസ് അന്വേഷണനടപടികള്‍ പുരോഗമിക്കുന്നതെന്നാണ് പാര്‍ട്ടി ആരോപിയ്ക്കുന്നത്. ശരിയായ അന്വേഷണത്തെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍ കൊലക്കുറ്റത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കു മേല്‍ അടിച്ചേലിപിക്കാനുള്ള ഏതു നീക്കവും വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്ന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

പിണറായി വിജയന്‍ തിരുവനന്തപുരത്തു പത്രസമ്മേളനം നടത്തി, തൊട്ടു പിന്നാലെ കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തിയ എളമരം കരീം പാര്‍ട്ടിയുടെ നീക്കങ്ങളെപ്പറ്റിയുള്ള സൂചനകളാണ് നല്‍കിയത്. ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവം നിഷ്ഠുരമെന്നു വിശേഷിപ്പിച്ച കരീം, കോഴിക്കോട് ജില്ലയില്‍ വധിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടിക തന്നെ അവതരിപ്പിച്ചു.

ഒഞ്ചിയത്തും പരിസരത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരേ ഇപ്പോഴും നടക്കുന്ന ആക്രമണങ്ങളും അടിവരയിട്ടു. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരും പൊലീസിലെ ഒരു വിഭാഗവും ചേര്‍ന്നു യുഡിഎഫിന്റെ ക്വട്ടേഷന്‍ എടുത്തിരിക്കുകയാണെന്നും കരീം തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഒറ്റദിവസം കൊണ്ട് അവസാനിപ്പിയ്ക്കാന്‍ സിപിഎമ്മിനറിയാമെന്നും കരീം മുന്നറിയിപ്പ് നല്‍കി.

അണികള്‍ പാര്‍ട്ടി വിടുകയാണെന്ന മാധ്യമപ്രചാരണങ്ങള്‍ക്ക് ശക്തിപ്രകടനം നടത്തി മറുപടി നല്‍കാനും സിപിഎം ഉദ്ദേശിയ്ക്കുന്നുണ്ട്. കണ്ണൂര്‍ പയ്യാമ്പലത്തു നടക്കുന്ന ഇ.കെ. നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കുന്നു എന്നത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയം.

കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി രക്തസാക്ഷി കുടുംബാംഗങ്ങളുടെയും ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് ഒഞ്ചിയത്തു അക്രമങ്ങള്‍ക്കിരയായ പാര്‍ട്ടി കുടുംബങ്ങളുടെയും കൂട്ടായ്മ തിങ്കളാഴ്ച വടകരയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അന്‍പതിനായിരം പാര്‍ട്ടി അനുഭാവികളെ സമ്മേളനത്തില്‍ അണിനിരത്താനാണു നീക്കമെന്നറിയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.