സ്വന്തം ലേഖകൻ: ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാവും. ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഇത്തരം ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന വിധത്തില്‍ നിര്‍മിക്കുന്ന വീഡിയോകള്‍, ചിത്രങ്ങള്‍, ശബ്ദം എന്നിവയെ ആണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ഈ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്ത് വ്യക്തികളുടെ നഗ്നത കൃത്രിമമായി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.
നേരത്തെ തന്നെ അനുവാദമില്ലാതെയും മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് 2015 മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാണ്. റിവഞ്ച് പോണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഈ നിയമത്തില്‍ ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍ ഉള്‍പെട്ടിരുന്നില്ല.
യുകെ ആസ്ഥാനമായുള്ള റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈനില്‍ നിന്നുള്ള വിവരം അനുസരിച്ച് 2017 ന് ശേഷം ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നതില്‍ 400 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
പുതിയ നിയമം നിലവില്‍ വരുന്നതോടെ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാവുകയും അതിനനുസരിച്ചുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.
ഒരാളുടെ അനുവാദമില്ലാതെ, ലൈംഗികത പ്രദര്‍ശിപ്പിക്കുന്ന വീഡിയോകള്‍ സൃഷ്ടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് യുകെ നീതിന്യായ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഇത്. പുതിയ നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ താമസിയാതെ വ്യക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല