സ്വന്തം ലേഖകൻ: ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ ഫീസുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു തവണകളായി അടയ്ക്കാം. 1000 ദിർഹത്തിൽ അധികമുള്ള ഫീസുകളാണ് 3 മുതൽ 12 തവണകൾ വരെയായി അടയ്ക്കാനാകുക.
ഇതിനായി ഈസി പേയ്മെന്റ് പ്ലാൻ എന്ന പേരിൽ പുതിയ സംവിധാനത്തിനു മന്ത്രാലയം തുടക്കമിട്ടു. അബുദാബി ഇസ്‌ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, അജ്മാൻ ബാങ്ക്, ഷാർജ ഇസ്‌ലാമിക് ബാങ്ക് എന്നീ ബാങ്കുകളാണ് പദ്ധതിയിൽ സഹകരിക്കുന്നത്. മന്ത്രാലയത്തിന്റെ ഫീസ് അടച്ച ശേഷം ബാങ്കുകളിൽ നേരിട്ടു വിളിച്ചു തവണകളാക്കാൻ സാധിക്കും.
അതിനിടെ യുഎഇയിൽ സൈബർ നിയമം ലംഘിച്ച 1117 വെബ്സൈറ്റുകൾ ബ്ലോക് ചെയ്തതായി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഈ വർഷം 5 മാസത്തിനിടെയാണ് ഇത്രയും വെബ്സൈറ്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ച് അനധികൃത വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
റമസാനിലാണ് കൂടുതൽ വെബ്സൈറ്റുകൾ അടച്ചുപൂട്ടിയതെന്ന് അസി. അണ്ടർ സെക്രട്ടറി (ബൗദ്ധിക സ്വത്തവകാശ വിഭാഗം) ഡോ. അബ്ദുൽറഹ്മാൻ ഹസ്സൻ അൽ മുഐനി അറിയിച്ചു. കഴിഞ്ഞ വർഷം 62 വെബ്സൈറ്റുകളാണ് റദ്ദാക്കിയത്. അനധികൃത വെബ്സൈറ്റുകളുടെ എണ്ണമേറുന്നതിനാൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല