ക്രിക്കറ്റ് കോണ്‍ടെസ്റ്റിലൂടെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ടിക്കറ്റും വിമാനടിക്കറ്റും സൗജന്യമായി ലഭിച്ച ഇന്ത്യക്കാരന് ഓസ്‌ട്രേലിയന്‍ എംബസി വിസ നിഷേധിച്ചു. ബാങ്കില്‍ ആവശ്യത്തിന് പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓസ്‌ട്രേലിയന്‍ എംബസി മുംബൈ സ്വദേശിയായ ജിഗ്നേഷ് സംഗ്‌രജ്ക്കയ്ക്ക് വീസ നിഷേധിച്ചത്.
ഫെബ്രുവരി 15ന് നടന്ന ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരത്തിലെ വിജയിയെ പ്രവചിച്ചവരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് ജിഗ്നേഷിന് ഈ സുവര്‍ണാവസരം ലഭിച്ചത്. റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള എക്കണോമി ക്ലാസ് വിമാന ടിക്കറ്റുകള്‍, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ട് സീറ്റുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മൂന്നു ദിവസത്തെ താമസം എന്നിവയായിരുന്നു ജിഗ്നേഷിന് ലഭിച്ച സമ്മാനം.
ഐസിസിയുടെ സപ്പോര്‍ട്ടിംഗ് ലെറ്റര്‍ ഉള്‍പ്പെടെയുള്ള വിസ അപേക്ഷ ഫെബ്രുവരിയില്‍ തന്നെ സമര്‍പ്പിച്ചു. പക്ഷെ ഇന്ത്യയിലെ ഇമ്മിഗ്രേഷന്‍ ഓഫീസില്‍നിന്ന് ജിഗ്നേഷിന്‍ വിസ നിഷേധിച്ചു. നിങ്ങളുടെ വരുമാനം/ അല്ലെങ്കില്‍ ജോലി വെച്ചിട്ട് നിങ്ങള്‍ ഓസ്‌ട്രേലിയയില്‍നിന്ന് തിരികെ വരാന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസ നിഷേധിച്ചത്.
അതേസമയം അപേക്ഷനുമായി ബന്ധപ്പെട്ട ശേഷം എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല