ബ്രെട്ട്‌ലീയെ ലോകമറിയുന്നത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരമെന്ന നിലയിലാണ്. ഇന്ത്യയിലേക്ക് വന്നാല്‍, നമ്മുടെ പല ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമാണ് തീ തുപ്പുന്ന പന്തുകളുമായി കളം വാഴുന്ന ലീ. പക്ഷെ, ഇന്ത്യയെയും ഇവിടത്തെ സംഗീതത്തെയും നെഞ്ചേറ്റുന്ന ഒരു കലാസ്‌നേഹിയുണ്ട് ബ്രെറ്റ്‌ലീയില്‍ . വേണ്ടത്ര സൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന സംഗീത തല്‍പ്പരരായ കുട്ടികളെ ഈ രംഗത്ത് ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ദൗത്യമായാണ് അദ്ദേഹം ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
‘ഇന്ത്യയില്‍ നിരവധി കുട്ടികള്‍ സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, അടിസ്ഥാന സൗകര്യമില്ലായ്മ അവരെ നിരാശരാക്കുന്നുണ്ട്. താല്‍പ്പര്യമുള്ളവരെല്ലാം അത് പഠിക്കണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ക്ക് വേണ്ട ഉപകരണങ്ങളും അവസരങ്ങളും ലഭ്യമാക്കാന്‍ ശ്രമിക്കും’-ഓസിസ് ഓള്‍റൗണ്ടര്‍ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമെന്നോണം മുംബൈയിലെ ധാരാവിയില്‍ നിന്ന് 100 കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു വര്‍ഷമാണ് ഇവര്‍ക്ക് സംഗീതം പഠിപ്പിക്കുക.
പരിപാടിയുടെ പ്രചാരത്തിനായി ബോളിവുഡിലെ ഏതെങ്കിലും സുഹൃത്തിന്റെ സഹായം ഇതുവരെ തേടിയിട്ടില്ലെന്ന് ലീ പറഞ്ഞു.ഷാരൂഖ് ഖാനുമായി സൗഹൃദം സ്ഥാപിക്കാനായത് ഭാഗ്യമായാണ് കാണുന്നത്. പ്രീതി സിന്റയും നല്ല സുഹൃത്താണ്. എന്നാല്‍ തല്‍ക്കാലം ഇവരാരെയും ഇതിലേക്ക് ക്ഷണിച്ചിട്ടില്ല. ഇന്ത്യന്‍ സംസ്‌കാരത്തെയും ഇവിടത്തെ സംഗീതത്തെയും അതിരറ്റ് സ്‌നേഹിക്കുന്നു. ബോളിവുഡ് ഗാനങ്ങള്‍ പതിവായി കേള്‍ക്കാറുണ്ട്. അവ ഓരോന്നും പേരെടുത്ത് പറയാന്‍ കഴിയില്ലെങ്കിലും താന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. സംഗീതത്തിന്റെ പ്രചാരത്തിലാണ് ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയുമെന്ന് ബ്രെറ്റ്‌ലീ വിശദീകരിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല