![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-10-170636-640x354.png)
സ്വന്തം ലേഖകൻ: അനന്തു കൃഷ്ണന് മുഖ്യപ്രതിയായ പാതി വില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ഇതു സംബന്ധിച്ച ഉത്തരന് ഡിജിപി പുറത്തിറക്കി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാകും അന്വേഷണം. 34 കേസുകളാണ് ഇപ്പോള്‍ കൈമാറിയത്. എല്ലാ ജില്ലകളിലും കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗമാകും അന്വേഷണം നടത്തുക. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും.
പ്രതിമാസം അനന്തുകൃഷ്ണന്റെ സംഘടനയില്‍ നിന്നും ആനന്ദ് കുമാര്‍ പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അനന്ദു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സഹിതം അനന്തുവിനെ ഇന്ന് പൊലീസ് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. മൊഴിയിലെ ആധികാരികത പരിശോധിക്കാന്‍ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ച് വരുത്തിയിട്ടുണ്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങള്‍ തേടിയാവും അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.
വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിന്റെ പണമിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ട് ഉണ്ടെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവ ശേഖരണം നടത്തിയിരുന്നു. ഇയാളുടെ എറണാകുളത്തുള്ള ഫ്ലാറ്റും ഓഫീസുകളും സീല്‍ ചെയ്ത പൊലീസ്, വിശദ പരിശോധനക്ക് സെര്‍ച്ച് വാറണ്ടിനായി കോടതിയില്‍ ഇന്ന് അപേക്ഷയും നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല