സ്വന്തം ലേഖകൻ: ലോകഫുട്ബാളിലെ മിന്നുംതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോൾ കളിക്കുന്നത് ഭൂമിയിലെ ഏറ്റവും മികച്ച ഫുട്ബാൾ ലീഗുകളിലല്ല. എന്നാൽ, ഇരുവരുടെയും സാന്നിധ്യമാണ് മേജർ ലീഗ് സോക്കറിനെയും സൗദി പ്രോ ലീഗിനെയും ആഗോള തലത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇരുവരും തമ്മിലുള്ള ‘മത്സരം’ വർഷങ്ങളോളം ആധുനിക ഫുട്ബാളിനെ ആവേശകരമാക്കി മാറ്റി. ഇവരുടെ ആരാധകരാകട്ടെ, ആരാണ് കേമനെന്നതിനെച്ചൊല്ലി പതിറ്റാണ്ടുകളായി നടത്തുന്ന വാഗ്വാദം തുടർന്നുകൊണ്ടേയിരിക്കുന്നു. കരിയറിന്റെ അസ്തമയ വേളയിലും ഇരുതാരങ്ങളും മികച്ച ഫോം തുടരുകയും ചെയ്യുന്നു.
പ്രഫഷനൽ താരങ്ങളായി തുടരുമ്പോഴും ഇരുവർക്കുമിടയിൽ സൗഹൃദം നന്നേ കുറവാണ്. ഒരേ ലീഗിൽ ബാഴ്സലോണക്കും റയൽ മഡ്രിഡിനും വർഷങ്ങളോളം കളിച്ചിട്ടും സഹൃദയത്വത്തേക്കാൾ വീറും വാശിയും നിറഞ്ഞ മത്സരമാണ് ഇരുവർക്കുമിടയിൽ നിറഞ്ഞുനിന്നത്. തങ്ങൾക്കിടയിലെ വൈരം അവസാനിച്ചിരിക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ. പ്രൊഫഷനൽ താരങ്ങളെന്ന അടുപ്പം മാത്രമാണ് തങ്ങൾക്കിടയിലുള്ളത്. സുഹൃത്തുക്കളല്ലെങ്കിലും പരസ്പരം ബഹുമാനിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം, തങ്ങളിരുവരും ചേർന്ന് ഫുട്ബാളിന്റെ ചരിത്രം തിരുത്തിയെഴുതിയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റൊണാൾഡോ. നിങ്ങൾക്ക് ക്രിസ്റ്റ്യാനോയെ സ്നേഹിക്കണമെന്നുണ്ടെങ്കിൽ മെസ്സിയെ വെറുക്കേണ്ടതില്ലെന്നും പോർചുഗലിന്റെ വിഖ്യാതതാരം കൂട്ടിച്ചേർത്തു.
പോർചുഗൽ ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെ വാർത്താസമ്മേളനത്തിലാണ് ക്രിസ്റ്റ്യാനോ തന്റെ കടുത്ത എതിരാളിയായിരുന്ന മെസ്സിയെക്കുറിച്ച് പറഞ്ഞത്. ‘യൂറോപ്പിലെ കളിക്കുശേഷം അദ്ദേഹം അദ്ദേഹത്തിന്റെ വഴിയും ഞാൻ എന്റെ വഴിയും തെരഞ്ഞെടുത്തു. യൂറോപ്പിന് പുറത്ത് മെസ്സി കാര്യങ്ങൾ നന്നായി ചെയ്യുന്നു, ഞാനും എല്ലാം ശരിയായി ചെയ്യുന്നു. പ്രതാപം തുടരുകയാണ്. 15 വർഷം ഞങ്ങൾ വേദി പങ്കിട്ടു. ഞങ്ങൾ സുഹൃത്തുക്കളാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ, പ്രഫഷനിൽ പരസ്പരം ബഹുമാനിക്കുന്ന സഹപ്രവർത്തകരാണ് ഞങ്ങൾ.
ആർക്കെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടപ്പെടണമെന്നുണ്ടെങ്കിൽ അയാൾ മെസ്സിയെ വെറുക്കേണ്ട കാര്യമില്ല. അവർ ഇരുവരും വളരെ മികച്ചവരാണ്. കളിയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചവർ. ലോകം മുഴുവൻ ഞങ്ങളെ ബഹുമാനിക്കുന്നുണ്ട്. അതാണ് ഏറ്റവും പ്രധാനവും’ -ക്രിസ്റ്റ്യാനോ വിശദീകരിച്ചു.
തന്റെ ഗോൾവേട്ടയെക്കുറിച്ചും ക്രിസ്റ്റ്യാനോ വിലയിരുത്തി. ‘850 ഗോളുകളെന്നത് ചരിത്രനേട്ടമാണ്. അതെന്നെ അതിശയിപ്പിക്കുന്നു. ഈ സംഖ്യ എത്തിപ്പിടിക്കാനാവുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇനിയുമേറെ സ്കോർ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് ഇനിയുമേറെ ഉയരങ്ങളിലെത്തണം. ഈ പ്രയാണത്തിൽ എന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. കളിച്ച ക്ലബുകളോടും ദേശീയ ടീമിനോടും നന്ദി പ്രകടിപ്പിക്കുന്നു’ -റൊണാൾഡോ പറഞ്ഞു. യൂറോകപ്പ് യോഗ്യതാ റൗണ്ടിൽ പോർചുഗൽ സെപ്റ്റംബർ ഒമ്പതിന് സ്ലോവാക്യയെ നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല