സ്വന്തം ലേഖകൻ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ വഷളാവുകയാണ്. ക്ലബിനും പരിശീലകനുമെതിരെ പരസ്യ വിമർശനവുമായി ക്രിസ്റ്റ്യാനോ എത്തിയതിനു പിന്നാലെ താരത്തിൻ്റെ ചുവർ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്ന് നീക്കി. ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ അഭിമുഖം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം ക്ലബ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്തുവന്നത്. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല.
സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് ബെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല