സ്വന്തം ലേഖകൻ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബായ അൽ നാസ്റിലേക്കു തന്നെയെന്നു റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മാർകയാണ് റൊണാൾഡോ സൗദി അറേബ്യയിൽ കളിക്കുമെന്നു റിപ്പോർട്ടു ചെയ്തത്. 2030 വരെ അൽ നാസ്റുമായും സൗദി അറേബ്യയുമായും റൊണാൾഡോയ്ക്കു കരാറുണ്ടാകും. ഇതില്‍ രണ്ടര വർഷം താരം ക്ലബ്ബിൽ കളിക്കും. ബാക്കിയുള്ള വർഷങ്ങളിൽ സൗദിയുടെ ഫുട്ബോൾ അംബാസഡറായും ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രവർത്തിക്കും.
2030 ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്കു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ഊർജം പകരുമെന്നാണു പ്രതീക്ഷിക്കുന്നത്. സൗദിക്കൊപ്പം ഈജിപ്തും ഗ്രീസും 2030 ലോകകപ്പിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. 2024ലെ ഫിഫ കോൺഗ്രസിലാണ് 2030ൽ ലോകകപ്പ് നടക്കുന്ന രാജ്യത്തെ പ്രഖ്യാപിക്കുക.
താരം അൽ നാസ്റിലേക്കു പോകുമെന്ന വാർത്ത ലോകകപ്പ് മത്സരങ്ങൾക്കിടെ പുറത്തുവന്നിരുന്നു. എന്നാൽ റൊണാൾഡോ തന്നെ ഇതു നിഷേധിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഞ്ഞടിച്ചിരുന്നു. ഇതിനു പിന്നാലെ റൊണാൾഡോയുമായുള്ള കരാർ യുണൈറ്റഡ് അവസാനിപ്പിച്ചു. പുതിയ ക്ലബ്ബിനായുള്ള അന്വേഷണത്തിലായിരുന്നു താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല