ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിറകിലേറി റയല്‍ മാഡ്രിഡിന് സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ സ്വപ്നതുടക്കം. പോര്‍ച്ചുഗല്‍ മുന്‍ ലോകഫുട്‌ബോളര്‍ ഹാട്രിക് നേടിയപ്പോള്‍ സരഗോസക്കെതിരായ ആദ്യ കളിയില്‍ മാഡ്രിഡ് ടീമിന് എതിരില്ലാത്ത ആറ് ഗോള്‍ ജയം.
ഒന്നാം പകുതിയിലെ ഇരുപത്തിനാലാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ച ക്രിസ്റ്റ്യാനോ രണ്ടാം പകുതിയില്‍ എഴുപത്തി ഒന്നാം മിനിറ്റിലും എണ്‍പത്തിയാറാം മിനിറ്റിലും വീണ്ടും ലക്ഷ്യംകണ്ടു. മാഴ്‌സലൊ (29), സാബി അലോന്‍സൊ (64), കക്കാ (82) എന്നിവരാണ് എവേ മത്സരത്തില്‍ റയലിനായി ഗോള്‍ നേടിയ മറ്റുതാരങ്ങള്‍. തുടക്കത്തിലേ ആക്രമിച്ച് കളിച്ച റയലിന് ആധിപത്യം നേടാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല. പത്താം മിനിറ്റില്‍ത്തന്നെ ജര്‍മന്‍ താരം മെസ്യൂട്ട് ഓസിലിന് ഗോളവസരം ലഭിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ ആദ്യഗോള്‍ പിറന്നതോടെ കളി ഏകപക്ഷീയമായി.
മറ്റു കളികളില്‍ ബെറ്റിസ് ഗ്രനഡയെയും (1-0) മയോര്‍ക എസ്പാന്യോളിനേയും (1-0) സെവിയ മലാഗയെയും (2-1) തോല്പിച്ചു. അത്‌ലറ്റികൊ ബില്‍ബാവൊ-റയോ വലീകനൊ മത്സരവും ഗറ്റാഫെ-ലെവാന്റെ മത്സരവും 1-1ന് സമനിലയില്‍ പിരിഞ്ഞു. ചാമ്പ്യന്മാരായ ബാഴ്‌സലോണ ആദ്യ കളിയില്‍ വിയ്യാ റയലിനെ നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല