സ്വന്തം ലേഖകന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, റയലിന്റെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകന്‍, മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ലീക്ക് മാര്‍ട്ടിനസിന്. ലയണല്‍ മെസിയെയും നെയ്മറിനെയും പിന്‍തള്ളിയാണ് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ പുരസ്‌കാരം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ചാംന്പ്യന്‍സ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് ക്രിസ്റ്റ്യാനോയെ വീണ്ടും പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ബാഴ്‌സലോണയുടെ നെതര്‍ലന്‍ഡ് താരം ലീക്ക് മാര്‍ട്ടിനസ് ആണു മികച്ച വനിത താരം. മികച്ച പരിശീലകനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാന്‍ സ്വന്തമാക്കി. നെതര്‍ലന്‍ഡിന്റെ സറീന വീഗ്മനാണ് മികച്ച വനിതാ പരിശീലക. ക്രിസ്റ്റ്യാനോ ലോകതാരമായപ്പോള്‍ റയലിന് ഇരട്ടിമധുരമായി സിദാനു ലഭിച്ച പുരസ്‌കാരം. ജൂവന്റസിന്റെ മസിമിലിയാനോ അല്ലഗ്രി, ചെല്‍സിയുടെ അന്റോണിയോ കൊണ്ടേ എന്നിവരെ മറികടന്നാണ് സിദാന്‍ നേട്ടം കൈവരിച്ചത്.
യുവന്റസ് താരം ജിയാന്‍ ല്യൂജി ബുഫണ്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുത്തു. റയല്‍ മാഡ്രിഡ് താരം കെയ്‌ലര്‍ നവാസ്, ബയേണ്‍ മ്യൂണിക് താരം മനുവല്‍ ന്യൂയര്‍ എന്നിവരായിരുന്നു ഫിഫയുടെ അന്തിമ പട്ടികയില്‍. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നേടിയ സ്‌കോര്‍പിയന്‍ ഗോളിലൂടെ പുഷ്‌കാസ് ഗോള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ആഴ്‌സണല്‍ താരം ഒളീവിയര്‍ ജിറൂഡ് കരസ്ഥമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല